വനപാലകശ്രമം വിഫലം പിൻവാങ്ങാതെ ഒറ്റയാൻ
വിതുര: പഞ്ചായത്തിലെ മണലി മേഖലയിൽ ഭീതിയും നാശവും പരത്തി വിഹരിക്കുന്ന ഒറ്റയാനെ വനത്തിനുള്ളിലേക്ക് തുരത്തിവിടാനുള്ള വനപാലകരുടെ ശ്രമം വിഫലം. രണ്ടുദിവസമായി വനപാലകസംഘം അക്ഷീണം പ്രയത്നിക്കുകയാണ്. ആന കാട്ടിനുള്ളിലേക്ക് മടങ്ങിയാലും രാത്രിയോടെ വീണ്ടും നാട്ടിലിറങ്ങും. മണലിയിൽ മാസങ്ങളായി നിലയുറപ്പിച്ചിരിക്കുന്ന ഒറ്റയാനെ പിടികൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം നാട്ടുകാർ വനപാലകരെ തടഞ്ഞ് രാവിലെ മുതൽ ഉച്ചവരെ പ്രതിഷേധസമരം നടത്തിയിരുന്നു. മണലി,കല്ലൻകുടി,നെട്ടയം,തലത്തൂതക്കാവ് മേഖലകളിൽ അധിവസിക്കുന്നവരാണ് സമരവുമായി രംഗത്തെത്തിയത്. മണലി മേഖലയിൽ കാട്ടാനശല്യം രൂക്ഷമായിട്ട് മാസങ്ങളേറെയായി. ഒറ്റയാന് പുറമേ കാട്ടാനക്കൂട്ടവും ഇവിടെ എത്തുന്നുണ്ട്. പ്രദേശത്തെ കൃഷി മുഴുവൻ ഇതിനകം കാട്ടാനകൾ നശിപ്പിച്ചു. പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. മാത്രമല്ല തലത്തൂതക്കാവ് ഗവ. ട്രൈബൽസ്കൂളിന് പരിസരത്തും ആനശല്യം രൂക്ഷമാണ്.
മണലി മേഖലയിൽ അഞ്ച് മാസം മുൻപാണ് ഒറ്റയാനെത്തിയത്. ദേഹത്ത് മുറിവേറ്റ നിലയിലായിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും ആന ഇവിടെനിന്ന് കാട്ടിലേക്ക് മടങ്ങിയില്ല. വനപാലകരും നാട്ടുകാരും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ആന പിൻവാങ്ങിയില്ല. ഒടുവിൽ ഒറ്റയാനെ മയക്കുവെടിവച്ച് പിടികൂടി ചികിത്സ നൽകി. തിരികെ കാട്ടിൽ കയറ്റിവിട്ടെങ്കിലും ആന വീണ്ടും തിരിച്ചെത്തി. വീട് തകർക്കുകയും,നാട്ടുകാരെ ആക്രമിക്കുകയും ചെയ്തു. ശല്യം രൂക്ഷമായതോടെ നാട്ടുകാർ ആദ്യം കല്ലാർ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് മുന്നിൽ കഞ്ഞിവച്ച് ഉപരോധസമരം നടത്തി. പിന്നീട് വനപാലകരെ തടഞ്ഞ് പ്രതിഷേധസമരവും നടത്തി. ആനയെ ഉൾക്കാട്ടിലേക്ക് കയറ്റിവിടാൻ പരമാവധി ശ്രമിക്കുമെന്നും സാധിച്ചില്ലെങ്കിൽ നടപടികൾ സ്വീകരിക്കുമെന്നും ഡി.എഫ്.ഒ അറിയിച്ചു.