സുരക്ഷാ സംവിധാനങ്ങളില്ലാതെ നന്ദിയോട് പാലുവള്ളി റോഡ്
പാലോട്: ടാറിംഗ് പുരോഗമിക്കുന്ന നന്ദിയോട് പാലുവള്ളി റോഡിൽ ഓടയും സുരക്ഷാ സംവിധാനങ്ങളും വേണമെന്ന് കള്ളിപ്പാറ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. കടുവാപാറ പാലത്തിന് സമീപത്തെ വളവിൽ സുരക്ഷാ സംവിധാനങ്ങൾ അത്യാവശ്യമാണ്. വാമനപുരം നദിക്കരയുമായി ബന്ധപ്പെട്ടതാണ് ഇവിടുത്തെ കൊടും വളവും കുത്തിറക്കവും. നദിക്കരയിൽ സംരക്ഷണവേലിയും അപകടസൂചകങ്ങളും സ്ഥാപിക്കുന്നതിനും സ്വകാര്യ ബസ്സുകളുടെ വേഗം കുറയ്ക്കാനും നടപടി വേണമെന്നാണ് ആവശ്യം. ഇവിടെ കയറ്റം കയറുന്ന വാഹനങ്ങൾക്കും അപകട ഭീഷണിയുണ്ട് ഈ വളവ് അല്പം പോലും വീതി കൂട്ടുകയോ താഴ്ന്ന ഭാഗം ഉയർത്തുകയോ ചെയ്തിട്ടില്ല. കുഴിയായി കിടക്കുന്ന ഇവിടെ വലിയ ലോഡുമായി വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടാൻ സാദ്ധ്യത ഏറെയാണ്. കൂടാതെ പാലത്തിന്റെ കരിങ്കൽക്കെട്ട് ഇടിഞ്ഞ നിലയിലാണ്. ഓട ഇല്ലാതെ റോഡ് പണിയുന്നത് പലയിടത്തും മഴയിൽ വെള്ളക്കെട്ടിനും വീടുകളിലേക്ക് വെള്ളം കയറാനും ഇടയാക്കും. ഒരു കിലോമീറ്ററിന് ഒരു കോടി വകയിരുത്തിയിട്ടും മതിയായ സുരക്ഷാ സംവിധാനങ്ങളോ ഓടയോ ഇല്ലാതെയാണ് നിർമ്മാണം നടക്കുന്നത്. എം.എൽ.എ യുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകൾ ഉണ്ടായി ഓട നിർമ്മിക്കാനും സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കാനും നടപടി സ്വീകരിക്കണമെന്നും കള്ളിപ്പാറ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എം.എൽ.എ.ക്ക് നിവേദനം നൽകും.