സി.വൈ ഹണ്ട് : സ്ത്രീകൾ ഉൾപ്പെടെ 57 പേർ അറസ്റ്റിൽ

Friday 31 October 2025 2:21 AM IST

ആലപ്പുഴ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകേസുകളിലെ പ്രതികളെ പിടികൂടുന്നതിന്റെ ഭാഗമായി പൊലീസ് നടപ്പാക്കിയ സി.വൈ ഹണ്ട് പ്രത്യേക ഓപ്പറേഷന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ വ്യാപകപരിശോധന നടന്നു. ഇന്നലെ പുലർച്ചെ 6 മണി മുതൽ ആരംഭിച്ച പരിശോധനയിൽ ജില്ലയിൽ 65 പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുകയും സ്ത്രീകൾ ഉൾപ്പെടെ 57 പേർ അറസ്റ്റിലാകുകയും ചെയ്തു.

36 മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും, 120ൽ അധികം എ.ടി.എം കാർഡുകളും ബാങ്ക് പാസ്‌ബുക്കുകളും പിടിച്ചെടുത്തു. ആലപ്പുഴ സൗത്ത്, കായംകുളം, കരീലകുളങ്ങര, ഹരിപ്പാട്, തൃക്കുന്നപ്പുഴ, മാന്നാർ, നൂറന്നാട്, മാവേലിക്കര, ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽപ്പെട്ടവരാണ് പ്രതികളെന്നും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പ്രതികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 23.6 കോടി രൂപയുടെ തട്ടിപ്പുകളുമായി ബന്ധപ്പെട്ടതായി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത പരാതികളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.