ഭക്ഷ്യകൂപ്പൺ തട്ടിപ്പ്,​ കൗൺസിലർക്കെതിരെ ചേർത്തല നഗരസഭ നടപടി തുടങ്ങി

Friday 31 October 2025 2:35 AM IST

ചേർത്തല: അതിദരിദ്ര പട്ടികയിലുള്ള അംഗത്തിന് നഗരസഭ അനുവദിച്ച ഭക്ഷ്യകൂപ്പണുകൾ കൗൺസിലർ തട്ടിയെടുത്തെന്ന പരാതിയിൽ നഗരസഭ നടപടി തുടങ്ങി. ചേർത്തല നഗരസഭയിലെ 25ാം വാർഡിലാണ് ഭക്ഷ്യകൂപ്പൺ അട്ടിമറിനടത്തിയതായി വാർഡ് കൗൺസിലർക്കെതിരെ ഗുണഭോക്താവ് പരാതി നൽകിയത്. തുടർന്ന്,​ നഗരസഭയിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെ പരിശോധനയിൽ വാർഡിലെ രണ്ടു ഗുണഭോക്താക്കളുടെ ഭക്ഷ്യ കൂപ്പണിൽ അട്ടിമറി നടന്നതായി കണ്ടെത്തി. കോൺഗ്രസ് കൗൺസിലറായ എം.എ.സാജുവിനെതിരെയാണ് പരാതി.

സംസ്ഥാനത്ത് അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിന് മുന്നോടിയായി ഗുണഭോക്താക്കളെ നേരിൽ കണ്ട് സർക്കാർ നിയോഗിച്ച സംഘം വിവരശേഖരണം നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. നഗരസഭാസെക്രട്ടറി ദാരിദ്രലഘൂകരണ വിഭാഗത്തോട് വിശദീകരണം തേടിയിട്ടുണ്ട്.കൗൺസിലർ ഭക്ഷ്യകൂപ്പൺ കൈപ്പറ്റിയതടക്കമുള്ള രേഖകൾ ഉൾപ്പടെയുള്ള റിപ്പോർട്ടാണ് നൽകിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഗുണഭോക്താക്കളുടെ പരാതി നഗരസഭ പൊലീസിന് കൈമാറുമെന്നാണ് അറിയുന്നത്.അതി ദാരിദ്ര്യപട്ടികയിലുള്ളവർക്ക് എല്ലാമാസവും 500 രൂപയുടെ കൂപ്പണാണ് നഗരസഭ നൽകുന്നത്. പലവാർഡുകളിലും പട്ടികയിലുള്ളവർ അവശരായതിനാൽ ഗുണഭോക്താക്കൾ നേരിട്ടെത്തുന്നത് അപൂർവമാണ്. വാർഡ് കൗൺസിലർമാർ തന്നെയാണ് ഒപ്പിട്ടു കൂപ്പൺവാങ്ങി സപ്ലൈക്കോയിൽ നിന്ന് സാധാനങ്ങളാക്കിയാണ് വീടുകളിൽ എത്തിച്ചു നൽകുന്നത്. പരാതി നൽകിയ 25ാം വാർഡിൽ ചന്ദാനന്ദമഠത്തിൽ സി.വി.ആനന്ദകുമാറിനും വാർഡിലുള്ള മറ്റൊരു വനിതാ ഗുണഭോക്താവിനും 2024 ഡിസംബർ മുതൽ കൂപ്പൺ വിതരണം ചെയ്തിട്ടുണ്ടെന്നാണ് നഗരസഭാ രേഖയിലുളളത്.11 മാസത്തെ ഭക്ഷ്യകൂപ്പണാണ് അട്ടിമറിച്ചിരിക്കുന്നത്.