വെള്ളത്തിൽ വീണുള്ള മരണം: ഉൾനാടൻ മത്സ്യമേഖലയിലും വേണം ലൈഫ് ജാക്കറ്റ്

Friday 31 October 2025 1:38 AM IST

ആലപ്പുഴ: കടലിലേതിന് സമാനമായി,​ ഉൾനാടൻ മത്സ്യമേഖലയിലും ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണമെന്ന നിബന്ധന കർശനമാക്കിയാൽ അപകട മരണങ്ങൾക്ക് തടയിടാനാകുമെന്ന് വിദഗ്ദ്ധാഭിപ്രായം. കഴിഞ്ഞ ദിവസം ചിത്തിരക്കായലിൽ വള്ളം മറിഞ്ഞ് മണ്ണഞ്ചേരി സ്വദേശിയായ മത്സ്യത്തൊഴിലാളി മരിക്കാനിടയായ സാഹചര്യത്തിലാണ് ആവശ്യം ഉയർന്നത്. കേരള മറൈൻ ഫിഷറീസ് റെഗുലേഷൻ ആക്ടിൽ കടലിൽ അല്ലാതെ മറ്റ് ജലാശയങ്ങളിൽ മത്സ്യ ബന്ധനം നടത്തുന്നവർക്കായി സുരക്ഷാമാർഗനിർദ്ദേശങ്ങളില്ല.മത്സ്യബന്ധനത്തിനിടെ വെള്ളത്തിൽ വീണുള്ള അപകടമരണങ്ങൾ വ‌ർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ചട്ടങ്ങളിൽ ഭേദഗതി വേണമെന്ന അഭിപ്രായവും ഫിഷറീസ് അധികൃതർക്കുണ്ട്. കടലിലായാലും കായലിലായാലും ലൈഫ് ജാക്കറ്റ് ധരിച്ച് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നാണ് മത്സ്യത്തൊഴിലാളികളിൽ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. ഉൾനാടൻ ജലാശയങ്ങളിൽ ലൈഫ് ജാക്കറ്റ് ധരിച്ചാൽ പേടി കൊണ്ടാണെന്ന തരത്തിൽ കളിയാക്കലുകളും കേൾക്കേണ്ടിവരും.ഇത്തരം ദുരഭിമാനത്തിന്റെ പേരിലാണ് പലരും ജാക്കറ്റ് വേണ്ടെന്ന് വയക്കുന്നത്. അതേസമയം,​ നിയമം മൂലം ലൈഫ് ജാക്കറ്റ് നിർബന്ധമാക്കിയാൽ ജീവഹാനി തടയാനാകുമെന്നും, എല്ലാവരും ധരിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും ജീവൻ രക്ഷമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. നീന്തൽ അറിയാമെന്ന ധൈര്യത്തിലാണ് പലരും ലൈഫ് ജാക്കറ്റ് വേണ്ടെന്ന് വയ്ക്കുന്നത്. എന്നാൽ ബോധക്ഷയമുണ്ടായി വെള്ളത്തിൽ വീണാൽ പോലും ജീവഹാനിയുണ്ടാകാതിരിക്കാൻ ലൈഫ് ജാക്കറ്റ് അനിവാര്യമാണ്.

വിതരണം നിലച്ചു

മുമ്പ് സർക്കാർ തലത്തിൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ ലൈഫ് ജാക്കറ്റ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ആ പദ്ധതി നിർത്തിവച്ചിരിക്കുകയാണെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി. സുരക്ഷാ ഉപകരണങ്ങൾ ബോട്ടിലുണ്ടായിരിക്കണമെന്നും ജോലി ചെയ്യുന്ന സമയം ധരിച്ചിരിക്കണമെന്നും നിർബന്ധമാണ്. മറൈൻ എൻഫോഴ്സ്മെന്റും, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ഇത് സംബന്ധിച്ച നിരന്തര പരിശോധന നടത്തുന്നുണ്ട്. ലൈഫ് ജാക്കറ്റില്ലെന്ന് കണ്ടെത്തിയാൽ ബോട്ടിന് 25,000 രൂപ പിഴ ഈടാക്കും.