ഭിന്നശേഷി സ്കൂളിന് അത്യാധുനിക ലാബ് ഒരുക്കി ഗുജറാത്തി വിദ്യാർത്ഥി

Friday 31 October 2025 1:54 AM IST

ആലപ്പുഴ:കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ ഭാഗമായി റോബോട്ടിക്സ് ക്ളാസെടുക്കാനെത്തിയ ഗുജറാത്തി വിദ്യാർത്ഥി മാറ്റിയത് കേരളത്തിലെ പത്ത് സ്പെഷ്യൽ സ്കൂളുകളുടെ തലവര. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വെർച്വൽറിയാലിറ്റി സംവിധാനമുള്ള സ്മാർട്ട് ക്ളാസ് റൂമും എ.ഐ സാങ്കേതിക സംവിധാനങ്ങളുള്ള പഠനസൗകര്യവുമുൾപ്പെടെ പത്ത് ലക്ഷം രൂപവീതം വരുന്ന പദ്ധതികളാണ് ദുബായ് ജെംസ് മോഡേൺ അക്കാദമിയിലെ പതിനൊന്നാം ക്ളാസ് വിദ്യാർത്ഥിയായ ആരുഷ് പഞ്ചോലി സംസ്ഥാനത്തിന് സമ്മാനിച്ചത്. സ്പോൺസർഷിപ്പിലൂടെയും സ്വപ്രയ്തനത്തിലൂടെയുമാണ് ഈ മിടക്കൻ ഫണ്ട് കണ്ടെത്തിയത്.

കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യുണീക് വേൾഡ് റോബോട്ടിക്‌സ് വിദ്യാർത്ഥി കൂടിയായ ആരുഷിന്റെ പദ്ധതിയിലെ ആദ്യസംരംഭം മാവേലിക്കര ജ്യോതിസ് സ്പെഷ്യൽ സ്കൂളിൽ പ്രവർത്തന സജ്ജമായിക്കഴിഞ്ഞു.അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 'റൈസ് ലാബാണ് ' ജ്യോതിസ് സ്കൂളിൽ സജ്ജമായത്.

ഭിന്നശേഷി കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉൾപ്പടെയുള്ള സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് ഡയറക്ടർ ഫാ. വിനോദ് ഈശോയുടെ നേതൃത്വത്തിലുള്ള ജ്യോതിസ് സ്പെഷ്യൽ സ്കൂൾ ആൻഡ് തെറാപ്പി സെന്റർ. ജ്യോതിസ് സ്കൂളിലെ പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്തയും ആരുഷ് പഞ്ചോലിയും ചേർന്ന് നിർവഹിച്ചു. മാവേലിക്കര മുനിസിപ്പൽ ചെയർപേഴ്സൺ നൈനാൻ സി.കുറ്റിശേരി, ഡയറക്ടർ വിനോദ് ഈശോ എന്നിവർ പങ്കെടുത്തു.

10 സ്കൂളുകളിൽ പദ്ധതി

കഴിഞ്ഞ മൂന്ന് വർഷമായി യുണീക് വേൾഡ് റോബോട്ടിക്‌സിൽ പരിശീലനം നേടുന്ന ആരുഷ്, പ്രോജക്ടിന്റെ ഭാഗമായി സ്‌കൂളുകളിൽ ക്ലാസ്സെടുക്കാനാണ് കേരളത്തിലെത്തിയത്. അങ്ങനെയാണ് ആറുമാസം മുമ്പ് ആരുഷും സംഘവും മാവേലിക്കരയിലെ ജ്യോതിസ് സ്കൂളിലെത്തിയത്. തുടർന്ന് ദുബായിലെ വിവിധ സംഘടനകളുമായി സഹകരിച്ചും വീക്കെൻഡ് സെയിലുകൾ നടത്തിയും ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസം, തെറാപ്പി എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾക്കായി 10 ലക്ഷത്തോളം രൂപ സമാഹരിക്കുകയായിരുന്നു.

മറ്റ് സ്കൂളുകളിലെ പദ്ധതികൾ ഉടൻ പ്രവർത്തന സജ്ജമാകും.പത്തോളം സ്കൂളുകളിൽ പദ്ധതി വ്യാപിപ്പിക്കണമെന്നതാണ് ആരുഷിന്റെ ആഗ്രഹം