നെല്ല്സംഭരണം, കുട്ടനാട്ടിൽ അനിശ്ചിതത്വം തുടരുന്നു
ആലപ്പുഴ: നെൽവില സർക്കാർ വർദ്ധിപ്പിച്ചെങ്കിലും സംഭരണത്തിന് മില്ലുകാർ തയ്യാറാകാതെ വന്നതോടെ കുട്ടനാട്ടിൽ അനിശ്ചിതത്വം തുടരുന്നു. മില്ലുകാർ എത്താത്തതിനാൽ കൊയ്തനെല്ല് പാടത്തും പടുതയ്ക്കുള്ളിലും കൂട്ടിയിട്ടിരിക്കുകയാണ്. കാലാവസ്ഥയും പ്രതികൂലമായതോടെ പ്രതിസന്ധി രൂക്ഷമാണ്. പുന്നപ്ര പറവൂർ പൂന്തുരം പാടത്ത് കൊയ്ത്ത് കഴിഞ്ഞ് ഒരാഴ്ചയായിട്ടും നെല്ല് സംഭരിക്കാതിരിക്കുകയും പള്ളാത്തുരുത്തി ഉൾപ്പെടെയുള്ള പാടങ്ങളിൽ കൊയ്ത്ത് ആരംഭിക്കുകയും ചെയ്തതോടെ തുലാവർഷക്കാലത്ത് കർഷകരാകെ അങ്കലാപ്പിലാണ്.
മില്ലുകാർ നിസഹകരണം തുടരുന്നതിനിടെ പാടങ്ങളിൽ നെല്ല് ഒടിഞ്ഞുവീണതും വെള്ളം കയറിയതും കൊയ്ത്ത് ദുഷ്കരമാക്കിയിട്ടുണ്ട്. ഒടിഞ്ഞുവീണ നെല്ല് കൊയ്തെടുക്കാൻ പതിവിലും കൂടുതൽ സമയം വേണ്ടി വരുന്നുണ്ട്. വേലിയേറ്റത്തിലും തുലാമഴയിലും പാടത്ത് വെള്ളം കയറുന്നത് കൊയ്ത്തിനും വിതയ്ക്കുമുള്ള ഒരുക്കങ്ങൾക്ക് തടസമായിട്ടുണ്ട്. കുട്ടനാട്ടിൽ പുഞ്ചകൃഷിക്കായി വെള്ളം കയറ്റിയിട്ട പല പാടങ്ങളിലും വിതയ്ക്കായി വറ്റിക്കാൻ മോട്ടോർ വച്ചെങ്കിലും മഴയും വേലിയേറ്റവും കാരണം കൂടുതൽ സമയമെടുക്കുന്നുണ്ട്. വിത്ത് ക്ഷാമമാണ് മറ്റൊരു പ്രശ്നം. ഇത്തരത്തിൽ കൊയ്ത്തും വിതയും നീണ്ടുപോയാൽ പല പാടങ്ങളിലും പുഞ്ച കൃഷിയിറക്കാൻ സാധിക്കാത്ത സാഹചര്യമാകും ഉണ്ടാവുക
നെല്ലെടുക്കാതെ മില്ലുകാർ
1.നെൽവില കിലോയ്ക്ക് 30 രൂപയായി സർക്കാർ പ്രഖ്യാപിച്ചെങ്കിലും നെൽകർഷക സംരക്ഷണ സമിതിയും കുട്ടനാട്ടിലെ കർഷകരും ഇതിൽ പൂർണ തൃപ്തരല്ല. കഴിഞ്ഞ അഞ്ചുവർഷമായി സംസ്ഥാനം കൈകാര്യ ചെലവിനത്തിൽ വെട്ടിക്കുറച്ച തുക കണക്കാക്കിയാൽ 33.21രൂപയാണ് ലഭിക്കേണ്ടത് എന്നാണ് അവർ പറയുന്നത്
2.ഡോ.ടി.എം തോമസ് ഐസക് 2021ൽ അവതരിപ്പിച്ച ബഡ്ജറ്റിൽ 28 രൂപ സംഭരണ വിലയായി പ്രഖ്യാപിച്ചിരുന്നു (അന്ന് കേന്ദ്ര സംഭരണ വില 18.68 രൂപ). ഇങ്ങനെ നോക്കുമ്പോൾ 9രൂപ 32 പൈസയാണ് സംസ്ഥാനം ബഡ്ജറ്റിലൂടെ പ്രൊഡക്ഷൻ ഇൻസെന്റീവായി നിശ്ചയിച്ചത്
3.രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം ബഡ്ജറ്റിൽ നെല്ലിന്റെ താങ്ങുവില 28 രൂപ 20 പൈസയായി ഉയർത്തുന്നതായും ഇതിനായി 50 കോടി രൂപ വകയിരുത്തിയതായും അറിയിച്ചിരുന്നു. എന്നാൽ, കേന്ദ്ര വർദ്ധനവിന് ആനുപാതികമായി സംസ്ഥാന വിഹിതം കുറയ്ക്കുകയാണ് കേരളം ചെയ്തത്
4.അന്നുതൊട്ടിന്നോളം കേന്ദ്ര ഗവൺമെന്റ് വർദ്ധിപ്പിച്ചതനുസരിച്ച് മിനിമം വില 23 രൂപ 69 പൈസയാകേണ്ടതാണ്.ഇതോടൊപ്പം സംസ്ഥാനത്തിന്റെ ഉല്പാദന പ്രോത്സാഹനമായ 9 രൂപ 52 പൈസയും കൂടിചേരുമ്പോൾ ഒരു കിലോ നെല്ലിന് 33 രൂപ 21 പൈസ ലഭിക്കേണ്ടിടത്താണ് ഇപ്പോൾ 30 രൂപ ഫ്രഖ്യാപിച്ചിരിക്കുന്നത്
5.കഴിഞ്ഞ നാലു വർഷങ്ങളിലായി കേന്ദ്രം വർധിപ്പിച്ച താങ്ങുവില ആനുകൂല്യം സംസ്ഥാന പ്രൊഡക്ഷൻ ഇൻസെന്റീവിൽ നിന്ന് കുറവ് ചെയ്ത വകയിൽ 606.87 കോടി രൂപയുടെ നഷ്ടമാണ് നെൽകർഷകർക്കുണ്ടായത്. നെല്ല് സംഭരണം അട്ടിമറിക്കാനുള്ള മില്ലുകാരുടെ തന്ത്രത്തിന് സർക്കാർ വഴങ്ങരുതെന്നും സമിതി പറയുന്നു