ജസ്റ്റിസ് സൂര്യകാന്ത് 53-ാം ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ നവം. 24ന്
ന്യൂഡൽഹി: സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് നവംബർ 24ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. നിയമനം രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചതോടെയാണിത്. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് നവംബർ 23ന് വിരമിക്കും. ഗവായ് കഴിഞ്ഞാൽ സീനിയോറിറ്റിയിൽ അടുത്ത ജഡ്‌ജിയാണ് സൂര്യകാന്ത്. പിൻഗാമിയായി സൂര്യകാന്തിന്റെ പേര് ഗവായ് ശുപാർശ ചെയ്‌തിരുന്നു. 2027 ഫെബ്രുവരി 9 വരെയാണ് സൂര്യകാന്തിന്റെ കാലാവധി. 14 മാസത്തോളം സർവീസ് ലഭിക്കും. ഹരിയാന ഹിസാർ സ്വദേശിയാണ്. ഹരിയാനയിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസാകും സൂര്യകാന്ത്. ഹിസാർ ജില്ലാ കോടതിയിലാണ് അഭിഭാഷക പ്രാക്‌ടീസ് ആരംഭിച്ചത്. 38ാം വയസിൽ ഹരിയാനയുടെ അഡ്വക്കേറ്റ് ജനറലായി. 2004ൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജിയായും 2018ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിതനായി. 2019 മേയ് 24നാണ് സുപ്രീംകോടതി ജഡ്ജിയായത്.