വ്യാജ ഓൺലൈൻ ട്രേഡിംഗ് ഹരിയാന സ്വദേശി വയനാട് സൈബർ പൊലീസിന്റെ പിടിയിൽ 

Friday 31 October 2025 2:30 AM IST
വിനീത് ചദ്ധ

കൽപ്പറ്റ: ഓൺലൈൻ ഷെയർ ട്രെഡിംഗ് നടത്തി പണം നൽകാമെന്ന് വിശ്വസിപ്പിച്ച് ചുണ്ടേൽ സ്വദേശിയിൽ നിന്നും 77 ലക്ഷം കവർന്ന കേസിൽ ഹരിയാന സ്വദേശി പിടിയിൽ. ഹരിയാന ഗുരുഗ്രാം സ്വദേശി വിനീത് ചദ്ധ (58)യെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും ഹരിയാനയിലെ ഗുരുഗ്രാമിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂണിൽ സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ ഓൺലൈൻ ട്രെഡിംഗിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്. യുവതി അയച്ചു നൽകിയ ആപ്പ് വ്യാജമാണെന്ന് അറിയാതെ ഇൻസ്റ്റാൾ ചെയ്തു. ട്രേഡിംഗ് നടത്തുകയും ഇവർ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും പണം അടക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിക്കാരനെ ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കമ്പോഡിയ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് സൈബർ പൊലീസ് മനസിലാക്കി. പിന്നീട്, പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകൾ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചില വിദേശ കമ്പനികൾക്ക് വേണ്ടിയാണ് ഇയാൾ പണം കൈമാറ്റം ചെയ്തത്. അന്വേഷണ സംഘത്തിൽ സൈബർ സ്റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ റസാഖ്, എസ്.സി.പി.ഓ മാരായ കെ. അബ്ദുൾ സലാം, എ. ആയിഷ, വി.കെ ശശി എന്നിവരും ഉണ്ടായിരുന്നു.