പഹൽഗാം ഭീകരാക്രമണം: എൻ.ഐ.എ കുറ്റപത്രം ഉടൻ, ലഷ്‌കറും ടി.ആർ.എഫും പ്രതിപ്പട്ടികയിൽ

Friday 31 October 2025 12:09 AM IST

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.എ.ഐ) ഉടൻ കുറ്റപത്രം സമർപ്പിക്കും. ഭീകരരെ സഹായിച്ച കാശ്മീർ സ്വദേശികളായ രണ്ടുപേരെയും പാകിസ്ഥാൻ ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബയെയും അതിന്റെ സഹസംഘടനയായ ടി.ആർ.എഫിനെയും (ദി റസിസ്റ്റൻസ് ഫ്രണ്ട്‌) പ്രതികളാക്കിയാകും കുറ്റപത്രം സമർപ്പിക്കുക. രണ്ട് സംഘടനകളുടെയും തലവൻമാരെ പ്രതിചേർക്കുമെന്നും എൻ.ഐ.എ വൃത്തങ്ങൾ സൂചിപ്പിച്ചു.

ഏപ്രിൽ 22ന് പഹൽഗാമിൽ 26 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കാൻ എൻ.ഐ.എയ്ക്ക് ജമ്മുവിലെ പ്രത്യേക കോടതി സെപ്തംബർ 18ന് 45 ദിവസത്തെ സമയം നീട്ടിനൽകിയിരുന്നു. ഈ സമയപരിധി ഈ ആഴ്ച അവസാനിക്കുമെന്നതിനാൽ ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് എൻ.എ.ഐ നീക്കം.

പാക് ഭീകരരെ സഹായിച്ചതിന് ബഷീർ അഹമ്മദ് ജോതർ, പർവേസ് അഹമ്മദ് ജോതർ എന്നിവരെ കഴിഞ്ഞ ജൂണിൽ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് മുമ്പ് ഏപ്രിൽ 21ന് ഹിൽ പാർക്കിലെ ഒരു താത്കാലിക ഷെഡ്ഡിൽ ഇവർ മൂന്ന് പാക് ഭീകരർക്ക് അഭയം നൽകിയതിനാണിത്. പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പാക് ഭീകരരെ കഴിഞ്ഞ ജൂലായിൽ സുരക്ഷാസേന വധിച്ചിരുന്നു.

അഡ്വ. ശ്രീസിംഗ്

പ്രോസിക്യൂട്ടർ

പഹൽഗാം കേസിൽ അഡ്വ. ശ്രീസിംഗ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജമ്മുവിലെ എൻ.ഐ.എ പ്രത്യേക കോടതിയിലും ജമ്മു കാശ്മീർ ഹൈക്കോടതിയിലും എൻ.ഐ.എയ്ക്കു വേണ്ടി ഇദ്ദേഹം ഹാജരാകും. മൂന്നു വർഷത്തേക്കാണ് നിയമനം.