2020ലെ ഡൽഹി കലാപം ഭരണമാറ്റം ലക്ഷ്യമിട്ടുള്ള അട്ടിമറി ശ്രമം: പൊലീസ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം

Friday 31 October 2025 12:09 AM IST

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപം രാജ്യത്ത് ഭരണമാറ്റം കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള അട്ടിമറി ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്ന് ഡൽഹി പൊലീസ്. കേസിലെ പ്രതികളും വിദ്യാർത്ഥി പ്രവർത്തകരുമായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയെ എതിർത്ത് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണിത്. ഇവർ ഗൂഢാലോചനയുടെ ബുദ്ധികേന്ദ്രമെന്നും വ്യക്തമാക്കി. ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഡൽഹിയിലുണ്ടായ പ്രക്ഷോഭം പെട്ടെന്ന് ഉണ്ടായ ജനരോഷമല്ല. രാജ്യത്തിന്റെ പരമാധികാരത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നു. വർഗീയ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയാണ് നടന്നത് എന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനാഭിപ്രായം ആയുധമാക്കി ഇന്ത്യയുടെ അഖണ്ഡത തകർക്കാനാണ് കലാപകാരികൾ പദ്ധതിയിട്ടത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനവേളയിൽ വർഗീയ കലാപം ഉണ്ടാക്കുന്നതിലൂടെ ഇന്ത്യയിലേത് വിവേചനപരമായ ഭരണമാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.