അനിൽ അംബാനിയുടെ കമ്പനി, 28,874 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം
ന്യൂഡൽഹി: അനിൽ അംബാനിയുടെ എ.ഡി.എ എന്ന കമ്പനിക്കെതിരെ അന്വേഷണാത്മക റിപ്പോർട്ടുമായി ഇൻവസ്റ്റിഗേറ്റീവ് ന്യൂസ് പോർട്ടലായ കോബ്രാപോസ്റ്റ്. 2006 മുതൽ 28,874 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. വിവിധ ഷെൽ കമ്പനികളിലേക്ക് മാറ്റിയ പണം അനിൽ അംബാനിയുടെ ആഡംബര ജീവിത്തിന് വേണ്ടി ഉപയോഗിക്കുന്നു. വിദേശത്തുനിന്ന് 13,048 കോടി രൂപയുടെ നിക്ഷേപം ലഭിച്ചെന്നും ക്രോബാപോസ്റ്റിലെ മാധ്യമപ്രവർത്തകർ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. അനിൽ അംബാനി ഉപയോഗിക്കുന്ന ആഡംബര നൗകയെക്കുറിച്ചുള്ള വിവരങ്ങളും കോബ്രാ പോസ്റ്റ് പുറത്തുവിട്ടു. റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് അനിൽ അംബാനിയിൽനിന്ന് വിവരങ്ങൾ തേടി. എന്നാൽ ലഭിച്ചില്ല. അതേമസമയം വാർത്ത പുറത്തുവിടും മുൻപ് അനിൽ അംബാനിയുടെ കമ്പനി വക്കീൽ നോട്ടിസ് അയച്ചെന്നും കോബ്രാപോസ്റ്റ് അറിയിച്ചു.