പട്ടേലിന്റെ ജന്മവാർഷികാഘാഷം; പ്രധാനമന്ത്രി പങ്കെടുക്കും
Friday 31 October 2025 12:23 AM IST
ന്യൂഡൽഹി: സർദാർ വല്ലഭായി പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഗുജറാത്തിൽ ഇന്ന് നടക്കുന്ന ദേശീയ ഏകതാ ദിവസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. രാവിലെ എട്ടിന് ഏകതാ പ്രതിമയിൽ മോദി പുഷ്പാർച്ചന നടത്തും. വിവിധ സേനകൾ അണിനിരക്കുന്ന പരേഡും നടക്കും. ആഘോഷത്തിന്റെ ഭാഗമായി 150 രൂപയുടെ പ്രത്യേക നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്യും. കോമൺ ഫൗണ്ടേഷൻ കോഴ്‌സിലെ ഓഫീസർ ട്രെയിനികളുമായി സംവദിക്കുകയും ചെയ്യും. ഇന്നലെയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി ഗുജറാത്തിലെത്തിയത്. ഏകതാ നഗറിൽ 1,140 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു.