ബീഹാർ ഇടതുകോട്ടയിൽ രണ്ടാമൂഴത്തിന് അജയ് കുമാർ
സമസ്‌തിപൂർ ജില്ലയിലെ കാർഷിക ഗ്രാമമായ വിഭൂതിപൂരിൽ ഗോതമ്പും നെല്ലും കരിമ്പും പച്ചക്കറികളുമുള്ള പാടങ്ങളോട് ചേർന്ന ഇടുങ്ങിയ കോളനികളിലാണ് ജനവാസം. എല്ലാ വീടിനുമുന്നിലും കന്നുകാലികളും അവയ്‌ക്ക് തീറ്റ കൊടുക്കാനുള്ള വലിയ കോൺക്രീറ്റ് വട്ട പാത്രങ്ങളും.
ഭൂസമരങ്ങളിലൂടെ ഇടത് സ്വാധീനമുണ്ടാക്കിയ നാടാണ് ബീഹാർ. 1967ൽ സി.പി.ഐയുടെ പി.എസ്. മദനെ ജയിപ്പിച്ചതുമുതൽ വിഭൂതിപൂരും ഇടതിനൊപ്പം. 1980, 1990,1995,2000,2005(രാംദേവ് വർമ്മ), 2020(അജയ് കുമാർ)തിരഞ്ഞെടുപ്പുകളിൽ വിജയക്കൊടി പാറിച്ചതോടെ സി.പി.എം കോട്ടയായി.
2010, 2015 തിരഞ്ഞെടുപ്പുകളിൽ ജയിച്ച ജെ.ഡി.യുവിൽ നിന്ന് മണ്ഡലം 2020ൽ തിരിച്ചു പിടിച്ച അജയ കുമാർ ഇക്കുറി രണ്ടാം വിജയം ലക്ഷ്യമിട്ടിറങ്ങുന്നു.
എതിരാളി ജെ.ഡി.യുവിന്റെ മുൻ എം.എൽ.എ രാം ബാലക് കുശ്‌വാഹയുടെ ഭാര്യ രവീണ കുശ്‌വാഹ. കൊലപാതക, മാനഭംഗ കേസുകളിൽ ശിക്ഷിക്കപ്പെട്ടതോടെയാണ് അദ്ദേഹം ഭാര്യയെ സ്ഥാനാർത്ഥിയാക്കിയത്. ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചതിനാൽ ജില്ലാ ഭാരവാഹിയായ അരവിന്ദ് കുശ്‌വാഹയുടെ ഭാര്യ രൂപാഞ്ജലി കുമാരി സ്വതന്ത്രയായി രംഗത്തുണ്ട്.
'ദരാന്തി, ഹഥൗടാ, സിതാരെ'(അരിവാൾ ചുറ്റിക, നക്ഷത്രം) ചിഹ്‌നത്തിൽ വോട്ട് അഭ്യർത്ഥിക്കുന്ന അനൗൺസ്‌മെന്റ് വാഹനം മുന്നിൽ. പിന്നാലെ അജയ് കുമാർ വീടുകൾ കയറിയിറങ്ങുന്നു. നിർമ്മാണത്തിലിരിക്കുന്ന പ്രാഥമികാശുപത്രികളിൽ എം.ബി.ബി.എസ് ഡോക്‌ടറെ എത്തിക്കുമെന്ന് സ്‌ത്രീ വോട്ടർമാർക്ക് അദ്ദേഹത്തിന്റെ ഉറപ്പ്. ഉച്ചയ്‌ക്ക് വിശ്രമ സമയത്ത് അദ്ദേഹം കേരള കൗമുദിയോട് സംസാരിച്ചു:
?വിജയ പ്രതീക്ഷ
ഇക്കുറി ഭൂരിപക്ഷം കൂടും.(2020ൽ ഭൂരിപക്ഷം 40,496). രാം ബാലക്കിന്റെ ലൈംഗികാരോപണ വിഷയങ്ങൾ മണ്ഡലത്തിൽ സജീവ ചർച്ചയാണ്. ബി.ജെ.പി വിമത സ്ഥാനാർത്ഥി അവർക്ക് ദോഷം ചെയ്യും.
?അനുകൂല ഘടകങ്ങൾ
അതി പിന്നാക്ക വിഭാഗങ്ങളുടെ നേതാവായ ഐ.പി. ഗുപ്‌തയുടെ ഇന്ത്യൻ ഇൻക്ളൂസിവ് പാർട്ടി മഹാസഖ്യത്തിലുള്ളത് ഗുണം ചെയ്യും.
?എം.എൽ.എ ജനപ്രിയനാണല്ലോ
കേരളത്തിലെ സി.പി.എം രീതി ഇവിടെ മാതൃകയാക്കി. വിവാഹം, മരണം പോലുള്ള എല്ലാ ചടങ്ങുകളിലും പങ്കെടുക്കും. മറ്റു നേതാക്കൾ വോട്ടു ചെയ്യാത്തവരെ അവഗണിക്കുമ്പോൾ അവരുടെ വീടുകളിലും പോകും.
? പ്രശാന്ത് കിഷോറിന്റെ സാന്നിദ്ധ്യം
സവർണ വോട്ടുകൾ ഭിന്നിച്ചാൽ എൻ.ഡി.എയ്‌ക്ക് ദോഷം ചെയ്യും. ഭൂസമരങ്ങൾ കാരണം സവർണ വോട്ടുകൾ സി.പി.എമ്മിന് ലഭിക്കാറില്ല.