അർണോസ് വസതിക്കും ആനപ്പള്ള മതിലിനും പുതുജീവൻ
തൃശൂർ: അർണോസ് പാതിരി സ്ഥാപിച്ച ചരിത്ര പ്രസിദ്ധമായ വേലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിന്റെ ആനപ്പള്ള മതിലിനും അർണോസ് ഭവനത്തിനും പുതുജീവൻ. ഭവനത്തിന്റെ പുനരുദ്ധാരണം കഴിഞ്ഞശേഷമാണ് മതിൽ നിർമ്മാണം കഴിഞ്ഞ ദിവസം ആരംഭിച്ചത്. പുരാവസ്തു ഡയറക്ടർ ഇ. ദിനേശൻ, എൻജിനീയർമാരായ എസ്.ഭൂപേഷ് , ടി.എസ്.ഗീത , ടി.ജി.കീർത്തി എന്നിവരാണ് നേതൃത്വം നൽകിയത്. അർണോസ് ഭവനം തകർച്ചയിലാണെന്ന് കേരളകൗമുദി മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ആനപ്പള്ള മതിൽ 2006 ജൂലായ് 17 നായിരുന്നു പൊളിച്ചത്. ഹൈന്ദവ ക്ഷേത്ര നിർമ്മാണ രീതികളെ അവലംബിച്ചുകൊണ്ടായിരുന്നു അർണോസ് ദേവാലയ നിർമ്മാണം പൂർത്തിയാക്കിയത്. ഹൈന്ദവ ക്ഷേത്രങ്ങൾക്ക് ചുറ്റുമതിൽ കെട്ടുന്ന രീതിയിൽ പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലായി ദേവാലയ ഭൂമിയിലേക്ക് പ്രവേശിക്കാൻ അർണോസ് പ്രവേശനഗോപുരങ്ങൾ നിർമ്മിച്ചു. ദേവാലയത്തിനകത്ത് ആന, കുതിര തുടങ്ങിയ പ്രതിമകളുമുണ്ട്.
പ്രതിഷേധം ഫലം കണ്ടു
മതിൽ പൊളിച്ചതിന്റെ പേരിൽ അനേകം പ്രതിഷേധങ്ങൾ നടന്നിരുന്നു. ഹൈക്കോടതിയിൽ കേസുകളുമുണ്ടായി. 2018 മാർച്ച് 23 ന് ഹൈക്കോടതി ഉത്തരവ് പ്രകാരം പുരാവസ്തു വകുപ്പ് തന്നെ മതിൽ പൂർവ്വസ്ഥിതിയിലാക്കണമെന്നായിരുന്നു നിർദ്ദേശം. നിർമ്മാണചെലവ് സംബന്ധിച്ച് പുരാവസ്തു ഡയറക്ടർക്ക് തീരുമാനം എടുക്കാമെന്നും ഉത്തരവിലുണ്ടായി.
അംഗീകാരമുദ്ര പതിഞ്ഞ മതിൽ
മതിലിന്റെ വടക്കു കിഴക്കേ മൂലയിൽ പുറത്തേക്ക് തള്ളിനിന്നിരുന്ന അടയാളം ദേവാലയ നിർമ്മിതിക്കുവേണ്ടി റോമാ സിംഹാസനത്തിന്റെ അംഗീകാരം അർണോസ് പാതിരിക്ക് ലഭിച്ചതിന്റെ മുദ്രയായിരുന്നു. ന്യൂനപക്ഷത്തിന്റെ കൈപ്പിടിയിലായിരുന്ന സംസ്‌കൃതഭാഷ ലോകജനതയ്ക്ക് ഉപകാരപ്രദമായ രീതീയിൽ കൈമാറ്റം ചെയ്തത് അർണോസ് പാതിരിയായിരുന്നു. പതിമൂവായിരത്തിലധികം പുതിയ വാക്കുകൾ അദ്ദേഹം കൊണ്ടുവന്നു. ലാറ്റിൻ ഭാഷയിൽ ലേഖനങ്ങൾ എഴുതി യൂറോപ്യരെ ഇന്ത്യൻ സംസ്‌കാരത്തിലേക്ക് കൊണ്ടുവന്ന ചരിത്രപുരുഷന്റെ ഭവനമാണ് മാസങ്ങളായി നാശോൻമുഖമായിരുന്നത്.