രാഹുൽ ഛഠ് പൂജയുടെ മഹത്വത്തെ അപമാനിച്ചു: മോദി

Friday 31 October 2025 12:25 AM IST

ചപ്ര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബീഹാറുകാരുടെ ഛഠ് ഉത്സവത്തിന്റെ മഹത്വത്തെ അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുലിന്റെ വിമർശനത്തിന് ബീഹാറിലെ മുസാഫർപൂരിലും ഛപ്രയിലും നടന്ന റാലിയിൽ മറുപടി നൽകുകയായിരുന്നു പ്രധാനമന്ത്രി.

ഛഠ് പൂജയുടെ ഭാഗമായി മുങ്ങിക്കുളിക്കാൻ ഡൽഹിയിലെ യമുനയിൽ പ്രധാനമന്ത്രിക്കായി ശുദ്ധ ജലം നിറച്ച കൃത്രിമ തടാകമുണ്ടാക്കിയതിനെ നാടകമെന്ന് രാഹുൽ വിശേഷിപ്പിച്ചിരുന്നു. ബീഹാറികളോട് ഈ ആളുകൾക്ക് അവജ്ഞയാണെന്ന് മാേദി പറഞ്ഞു. അവരുടെ പാർട്ടിക്കാരനായ പഞ്ചാബ് മുഖ്യമന്ത്രി ബീഹാറികളെ ആട്ടിയോടിക്കണമെന്ന് റാലിയിൽ പ്രഖ്യാപിച്ചു. എം.പിയായ കോൺഗ്രസ് കുടുംബാംഗം അതുകേട്ട് ചിരിച്ച് കൈയടിച്ചെന്നും പ്രിയങ്കാ ഗാന്ധിയെ സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

'ഇന്ത്യ" സഖ്യത്തിലെ ആർ.ജെ.ഡിക്കും കോൺഗ്രസിനും പ്രീണന-വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമേ അറിയൂ. അതിനായി അവർ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നുവെന്നും എസ്.ഐ.ആറിന്റെ പ്രതിഷേധം പരാമർശിച്ച് പറഞ്ഞു. നമ്മുടെ സാംസ്കാരിക പൈതൃകത്തെ അവർക്ക് ഉൾക്കൊള്ളാനാകുന്നില്ല. അവരുടെ നേതാക്കൾ അവധിയെടുത്ത് വിദേശയാത്ര നടത്തും. എന്നാൽ 500 വർഷം നീണ്ടുനിന്ന പോരാട്ടത്തിനുശേഷം നിർമ്മിച്ച അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചിട്ടില്ല. ചായ വിറ്റിരുന്ന ഒരു പിന്നാക്ക വിഭാഗം നേതാവ് ഇത്രയും ഉയരങ്ങളിലെത്തിയത് അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ജനങ്ങളുടെ അനുഗ്രഹവും അംബേദ്കർ സൃഷ്ടിച്ച ഭരണഘടനയുമാണ് തന്നെ പ്രധാനമന്ത്രിയാക്കിയതെന്നും മോദി കൂട്ടിച്ചേർത്തു.

രാഹുൽ മാപ്പ് പറയണം:ബി.ജെ.പി

മോദിക്കെതിരായ പരാമർശത്തിൽ രാഹുൽ പരസ്യമായി മാപ്പ് പറയണമെന്ന് ബി.ജെ.പി. രാഹുൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ് കെടുത്തിയെന്നും ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു. രാഹുലിട് നിരുപാധികം പരസ്യമായി മാപ്പ് പറയാൻ നിർദ്ദേശിക്കണമെന്നും പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നും പരാതിയിലുണ്ട്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പ്രധാനമന്ത്രി ഏതറ്റം വരെയും പോകുമെന്നും വേദിയിൽ നൃത്തം കളിക്കുമെന്നും രാഹുൽ പരിഹസിച്ചിരുന്നു.