27 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; 5 പേർ പിടിയിൽ
കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് നൽകാനാണ് തട്ടിക്കൊണ്ടുപോയത്
ന്യൂഡൽഹി: ഡൽഹിയിൽ 27 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവർ പിടിയിൽ. പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം അഞ്ച് പേരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. മായ, ദമ്പതികളായ ശുഭ് കരൺ, സന്യോഗിത എന്നിവരും രണ്ട് കൗമാരക്കാരുമാണ് പിടിയിലായത്. കുഞ്ഞിനെ കണ്ടെത്തി യഥാർത്ഥ മാതാപിതാക്കൾക്ക് കൈമാറിയതായി ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണൽ ദാറാദെ ശരദ് ഭാസ്‌കർ അറിയിച്ചു. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് നൽകാൻ വേണ്ടിയാണ് മായയുടെ നേതൃത്വത്തിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാൻ പ്രായപൂർത്തിയാകാത്ത രണ്ട് പേർക്ക് 20,000 രൂപയും നൽകി. ഈ മാസം 8 നാണ് സുഭാഷ് നഗറിലെ പസഫിക് മാളിന് സമീപത്ത് നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ മായ അയൽവാസികളായ ശുഭ്കരണിനും ഭാര്യ സന്യോഗിതയ്ക്കും നൽകി. വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടർന്നാണ് ഇവർ കുഞ്ഞിനെ ത്ട്ടിയെടുക്കാൻ പദ്ധതിയിട്ടത്. ഇരുനൂറോളം സി.സി ടി.വി ക്യാമറകൾ നിരീക്ഷിച്ച ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയവരിലേക്ക് പൊലീസ് എത്തിയത്.