കാന്താരി തൊട്ടാൽ പൊള്ളുമേ...
കല്ലറ: കാന്താരി അത്ര ചെറിയ മുളകല്ല, വിലയിൽ കേമൻ. കിലോയ്ക്ക് 500 - 600 രൂപ വരെയാണ് വില. ലഭ്യതകുറഞ്ഞതാണ് വില വർദ്ധനവിന് കാരണമായി പറയുന്നത്. എല്ലാ സീസണിലും കാന്താരിക്ക് ഡിമാൻഡ് ഉണ്ടെങ്കിലും വിപണിയിൽ ആവശ്യത്തിന് എത്തുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു. നാടൻ വിഭവങ്ങൾക്ക് ഗ്രാമങ്ങളിലെന്നപോലെ നഗരങ്ങളിലും ഡിമാന്റേറിയതോടെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഉൾപ്പെടെ കാന്താരിക്ക് പ്രിയമേറിയിട്ടുണ്ട്. ഗ്രാമങ്ങളിൽ കപ്പ, ചേന, ചേമ്പ് തുടങ്ങിയ പുഴുക്കുകൾക്കൊപ്പം കാന്താരി നിർബന്ധമാണ്. നഗരങ്ങളിലെ ഹോട്ടലുകളിൽ കപ്പയും കാന്താരിയും പ്രധാന മെനുവാണിപ്പോൾ. ശരീരത്തിലെ കൊളസ്‌ട്രോളിനുള്ള നാടൻ പ്രതിവിധി എന്നത് കാന്താരിയെ വിപണിയിലെ കുഞ്ഞൻ താരമാക്കിയിട്ടുണ്ട്. എന്നാൽ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
കൃഷി ചെയ്യാൻ
മുന്നോട്ടുവരുന്നില്ല
വില കുതിച്ചിട്ടും കാര്യമായി കാന്താരി കൃഷി ചെയ്യാൻ കർഷകർ മുന്നോട്ട് വരാത്ത സ്ഥിതിയുമുണ്ട്. പലരും ഇഞ്ചി കൃഷിക്കും മറ്റും ഇടവിളയായാണ് കാന്താരി കൃഷി ചെയ്യുന്നത്. മാറി മറിയുന്ന വിലയും ചെടികളുടെ ലഭ്യതക്കുറവുമാണ് കർഷകരെ കൃഷിയിൽ നിന്ന് പിന്നോട്ടടിക്കുന്നത്.
വിദേശമലയാളികൾക്ക് പ്രിയം
കാന്താരിമുളക് ഉണക്കി വിദേശത്തേക്ക് കയറ്റി അയക്കാൻ തുടങ്ങിയതോടെയാണ് ഡിമാൻഡേറിയത്. ഉണങ്ങിയ കാന്താരിമുളക് പായ്ക്കറ്റിലും ലഭ്യമാണ്. രാസവസ്തു സാന്നിദ്ധ്യം കുറവാണെന്നതും ഉണക്കി ദീർഘകാലം സൂക്ഷിക്കാമെന്നതും കാന്താരിയോടുള്ള പ്രിയം വർദ്ധിപ്പിച്ചു. അച്ചാറിനും ഉപ്പിലിട്ടതിനും ആവശ്യക്കാരേറെയാണ്.
കാന്താരി മുളകിന് വളരാൻ പ്രത്യേകം വളപ്രയോഗങ്ങളോ ചെലവുകളോ ആവശ്യമില്ല