യു.എസ്- ചൈന 'വ്യാപാര വെടിനിറുത്തൽ"
10% തീരുവ കുറച്ചു
ബൂസാൻ: താത്‌കാലിക വ്യാപാര 'വെടിനിറുത്തലിന്" യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും തമ്മിൽ ധാരണ. ചൈനയുടെ ഉത്പന്നങ്ങൾക്ക് യു.എസ് ചുമത്തിയ ആകെ തീരുവ 57 ശതമാനത്തിൽ നിന്ന് 47 ശതമാനമായി കുറച്ചു.
യു.എസിലേക്കുള്ള ഫെന്റാനിൽ ലഹരി ഒഴുക്ക് ചൈന തടയുന്നില്ലെന്ന് ആരോപിച്ച് 20 ശതമാനം തീരുവ ട്രംപ് നേരത്തെ ചുമത്തിയിരുന്നു. ഫെന്റാനിൽ കടത്ത് തടയാൻ സഹകരിക്കാമെന്ന് ഷീ അറിയിച്ചതോടെ ഇത് വെട്ടിക്കുറച്ച് 10 ശതമാനമാക്കി. ഇതോടെയാണ് ആകെ തീരുവ 57ൽ നിന്ന് 47 ശതമാനത്തിലേക്ക് താഴ്ന്നത്.
യു.എസിൽ നിന്ന് കാർഷിക ഉത്പന്നങ്ങൾ വാങ്ങുന്നത് തുടരാനും അപൂർവ ധാതു കയറ്റുമതിക്ക് നിശ്ചയിച്ച നിയന്ത്രണം നീട്ടിവയ്ക്കാനും ഷീ സമ്മതിച്ചു. ഇന്നലെ ദക്ഷിണ കൊറിയയിലെ ബൂസാനിലാണ് ആറുവർഷത്തെ ഇടവേളയ്ക്കുശേഷം ഇരുവരും മുഖാമുഖം എത്തിയത്. ഏഷ്യ- പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ (അപെക്) ഭാഗമായിട്ടാണ് ട്രംപും ഷീയും ദക്ഷിണ കൊറിയയിലെത്തിയത്.
ട്രംപ്- ഷീ കൂടിക്കാഴ്ചയ്ക്ക് പത്തിൽ പന്ത്രണ്ട് മാർക്ക് !
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പത്തിൽ പന്ത്രണ്ട് മാർക്കെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
അടുത്ത വർഷം ആദ്യം ട്രംപ് ചൈനയിലെത്തും
അപൂർവ ധാതുക്കളുടെ സ്വതന്ത്റ കയറ്റുമതി ഒരു വർഷത്തേക്ക് തുടരാമെന്ന് ചൈന. കയറ്റുമതി നിയന്ത്രിക്കുമെന്ന് ചൈന പ്രഖ്യാപിച്ചത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. ചൈനയ്ക്ക് മേൽ 100 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു
ടെക് മേഖലയിലെ അടക്കം ചില കയറ്റുമതി നിയന്ത്രണങ്ങൾക്ക് യു.എസ് ഒരു വർഷത്തേക്ക് ഇളവ് പ്രഖ്യാപിച്ചു.
സോയാബീൻ അടക്കം അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾ വാങ്ങുന്നത് തുടരുമെന്ന് ചൈന. ട്രംപിന്റെ തീരുവ സമ്മർദ്ദത്തെ തുടർന്ന് ഇറക്കുമതി ചൈന നിറുത്തിവച്ചിരുന്നു
ചർച്ചകൾ തുടരുന്ന യു.എസ്-ചൈന വ്യാപാര കരാർ ഉടൻ അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ്