ലൂവ്ര് കവർച്ച: 5 പേർ കൂടി വലയിൽ ആഭരണങ്ങൾ കാണാമറയത്ത്

Friday 31 October 2025 7:38 AM IST

പാരീസ്: പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി അറസ്റ്റിൽ. കേസിൽ അറസ്റ്റിലായവർ ഏഴായി. എന്നാൽ മോഷ്ടിക്കപ്പെട്ട 8.8 കോടി യൂറോയുടെ എട്ട് രാജകീയ ആഭരണങ്ങൾ കണ്ടെത്താനായിട്ടില്ല. പാരീസിലും വടക്കൻ പ്രാന്തപ്രദേശങ്ങളിലും നടന്ന വ്യാപക റെയ്ഡിലൂടെ ബുധനാഴ്ച രാത്രിയാണ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ ഒരാൾ നാല് മോഷ്ടാക്കളിൽ ഒരാളാണെന്ന് കരുതുന്നു. നേരത്തെ അറസ്റ്റിലായ രണ്ട് പേർ കവർച്ചയിലെ തങ്ങളുടെ പങ്ക് ഭാഗികമായി സമ്മതിച്ചിട്ടുണ്ട്. ഇവരിൽ ഒരാൾ 2010 മുതൽ ഫ്രാൻസിൽ താമസിക്കുന്ന 34 വയസുള്ള അൽജീരിയൻ പൗരനാണ്. മറ്റൊരാൾ 39 വയസുള്ള മോഷണക്കേസ് പ്രതിയാണ്. ഇവർക്കെതിരെ പൊലീസ് ലൂവ്രിൽ നിന്ന് തെളിവായി ഡി.എൻ.എ സാമ്പിളുകളും ഫിംഗർ പ്രിന്റുകളും സുരക്ഷാ ക്യാമറാ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

അറസ്റ്റിലായവരുടെ ഫോണുകൾ അടക്കം പിടിച്ചെടുത്ത് പരിശോധന തുടരുകയാണ്. കഴിഞ്ഞ 19ന് പട്ടാപ്പകലാണ് ലൂവ്ര് മ്യൂസിയത്തിൽ നിന്ന് അമൂല്യ ആഭരണങ്ങളുമായി മുഖംമൂടി ധരിച്ച നാല് മോഷ്ടാക്കൾ കടന്നത്. കവർച്ചയ്ക്ക് പിന്നിൽ വമ്പൻ ക്രിമിനൽ സംഘമുണ്ടാകാമെന്നും കൂടുതൽ പേർ അറസ്റ്റിലായേക്കുമെന്നും പാരീസ് പ്രോസിക്യൂട്ടർ പറഞ്ഞു.