ആണവായുധ പരീക്ഷണങ്ങൾക്ക് ഉത്തരവിട്ട് ട്രംപ്

Friday 31 October 2025 7:38 AM IST

വാഷിംഗ്ടൺ: ആണവായുധങ്ങളുടെ പരീക്ഷണങ്ങൾ അടിയന്തരമായി പുനരാരംഭിക്കാൻ സൈന്യത്തോട് ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയും ചൈനയും ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽ മുന്നേറ്റം തുടരവെയാണ് ട്രംപിന്റെ പ്രഖ്യാപനം. ആണവ ശേഷിയുള്ള ക്രൂസ് മിസൈലായ ' ബ്യൂറെവെസ്‌നികി'ന്റെയും 'പോസിഡോൺ" അണ്ടർവാട്ടർ ടോർപ്പിഡോയുടെയും പരീക്ഷണങ്ങൾ അടുത്തിടെ റഷ്യ വിജയകരമായി നടത്തിയിരുന്നു. റഷ്യ നിർമ്മിച്ചിട്ടുള്ളതിൽ അതിമാരകമെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് ബ്യൂറെവെസ്നിക്. നാവിക കേന്ദ്രങ്ങൾ, അന്തർ വാഹിനികൾ, തീരദേശ സൈനിക കേന്ദ്രങ്ങൾ തുടങ്ങിയവയെ കടലിനടിയിൽ നിന്ന് സുനാമി പോലെ തകർക്കാൻ പോസിഡോണിന് ശേഷിയുണ്ടെന്നും അവകാശപ്പെടുന്നു. ആണവ പോർമുന ഇല്ലാതെയാണ് രണ്ട് ആയുധങ്ങളുടെയും പരീക്ഷണം നടത്തിയത്. ആണവ പോർമുനകൾ നേരിട്ട് പരീക്ഷിക്കാനാണോ അതോ അവയെ വഹിക്കാൻ ശേഷിയുള്ള ആയുധങ്ങൾ പരീക്ഷിക്കാനാണോ നിർദ്ദേശിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. 1992ലാണ് യു.എസ് അവസാനമായി നേരിട്ടുള്ള ആണവ സ്ഫോടന പരീക്ഷണം നടത്തിയത്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം 1990 മുതൽ ആണവ സ്ഫോടനത്തോടെയുള്ള ആയുധ പരീക്ഷണങ്ങൾ റഷ്യയും നടത്തിയിട്ടില്ല. അതേ സമയം, 2030ഓടെ ചൈനയുടെ പക്കലുള്ള ആണവായുധങ്ങൾ 1,000 കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

# സൂപ്പർ പോസിഡോൺ

 റഷ്യയുടെ 'സൂപ്പർ - വെപ്പൺ" എന്നറിയപ്പെടുന്ന സ്റ്റെൽത്ത് ടോർപ്പിഡോ

 ആണവോർജ്ജത്തിൽ പ്രവർത്തനം. മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയെന്ന് കരുതുന്നു

 തീരദേശ മേഖലകളിൽ കനത്ത നാശം വിതയ്ക്കാനുള്ള ശേഷി. 'റേഡിയോ ആക്ടീവ് സുനാമി' (ആണവ പോർമുന ഘടിപ്പിച്ചാൽ) എന്നാണ് പോസിഡോണിന്റെ പ്രഹര ശേഷിയെ വിശേഷിപ്പിക്കുന്നത്

 100 മെഗാടണ്ണോളം ഭാരവാഹക ശേഷി

 വിമാനവാഹിനി കപ്പലുകളെ പോലും തകർക്കും

 പോസിഡോണിന്റെ കടലിനടിയിലെ പരീക്ഷണങ്ങൾ 2018ൽ തുടങ്ങി

 2027ഓടെ അവതരിപ്പിച്ചേക്കും

# ഭീകരൻ ബ്യൂറെവെസ്നിക്

 ആണവശക്തിയിൽ പ്രവർത്തനം. സ്കൈഫോൾ എന്നും പേരുണ്ട്.

 ' പറക്കും ചെർണോബിൽ " എന്ന് അപരനാമം

 ചരിത്രത്തിലെ ഏറ്റവും വലിയ ആണവോർജ ദുരന്തമായ ചെർണാബിൽ ദുരന്തത്തിന്റെയത്ര (1986 ഏപ്രിൽ 26) ഭീകരത സൃഷ്ടിക്കാൻ കഴിയുന്ന ആണവ പോർമുന ബ്യൂറെവെസ്നികിനും വഹിക്കാനാകുമെന്നാണ് പ്രചാരണം  പ്രഹര പരിധി അനന്തമെന്നും റഷ്യ പറയുന്നു

 2017 മുതൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്ന് കരുതുന്നു

 വ്യോമപ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കും

 12 മീറ്റർ നീളമുണ്ടാകാം