40 ലക്ഷം രൂപയുടെ ഇൻഷുറൻസ് കിട്ടാൻ മകനെ കൊലപ്പെടുത്തി; കൃത്യം ചെയ്‌തത് കാമുകന്റെ സഹായത്തോടെ

Friday 31 October 2025 9:42 AM IST

കാൻപൂർ: ഇൻഷുറൻസ് തുക കിട്ടാനായി മകനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. നാൽപ്പത്തിയേഴുകാരിയായ മമത ദേവിയാണ് ഇരുപത്തിരണ്ടുകാരനായ മകൻ പ്രദീപ് ശർമ്മയെ കൊലപ്പെടുത്തിയത്. മമത ദേവിയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്.

ഉത്തർപ്രദേശിലെ കാൻപൂരിൽ അംഗദ്പൂർ ഗ്രാമത്തിലാണ് സംഭവം. നാൽപ്പത് ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കാനായിരുന്നു മമത ദേവി മകനെ കൊലപ്പെടുത്തിയത്. കാമുകൻ മായങ്ക് കത്യാർ (33), അയാളുടെ സഹോദരൻ ഋഷി കത്യാർ (28) എന്നിവരുടെ സഹായത്തോടെയായിരുന്നു മമത കൃത്യം നടത്തിയത്.

അഞ്ച് വർഷമായി ആന്ധ്രാപ്രദേശിൽ ജോലി ചെയ്തിരുന്ന പ്രദീപ് ദീപാവലിക്കാണ് നാട്ടിലെത്തിയത്. ഒക്‌ടോബർ ഇരുപത്തിയാറിന് രാത്രി ഏഴ് മണിയോടെ അത്താഴത്തിനെന്ന് പറഞ്ഞ് ഋഷിയും മായങ്കും പ്രദീപിനെ കാറിൽ കയറ്റിക്കൊണ്ടുപോയി. ഒരു വിജനമായ സ്ഥലത്ത് വാഹനം നിർത്തി, ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ മൃതദേഹം ഹൈവേയിൽ ഉപേക്ഷിക്കുകയും ചെയ്തു. മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വീട് പൂട്ടിയ നിലയിൽ കണ്ടതോടെ സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദീപിന്റെ മരണത്തിൽ മുത്തച്ഛൻ അടക്കമുള്ളവർ സംശയം പ്രകടിപ്പിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.