ഒരു കോടി ആളുകൾക്ക് സ‌‌ർക്കാ‌‌‌ർ ജോലി, അഞ്ച് വർഷത്തിനുള്ളിൽ പ്രളയത്തിന് അന്ത്യം; പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ

Friday 31 October 2025 11:22 AM IST

പട്‌ന: വരാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ. സഖ്യത്തിലെ മുതിർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്തെ യുവജനങ്ങൾക്കായി ഒരു കോടിയിലധികം സർക്കാർ ജോലികളാണ് സഖ്യം വാഗ്ദാനം ചെയ്തത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രളയരഹിതമാക്കുമെന്നും സഖ്യം ഉറപ്പ് നൽകി.

കേന്ദ്രമന്ത്രിയും ബിജെപി അദ്ധ്യക്ഷനുമായ ജെപി നദ്ദ, മുഖ്യമന്ത്രി നിതീഷ് കുമാർ, കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) ജിതൻ റാം മാഞ്ചി, കേന്ദ്രമന്ത്രിയും എൽജെപി(ആർവി) അദ്ധ്യക്ഷനുമായ ചിരാഗ് പാസ്വാൻ, ആർഎൽഎം അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ എന്നിവർ പ്രകടന പത്രിക പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

ബിജെപി, ജനതാദൾ യുണൈറ്റഡ് (ജെഡിയു) ലോക് ജനശക്തി പാർട്ടി -രാം വിലാസ്, (എൽജെപി-ആർവി), ഹിന്ദുസ്ഥാനി അവാം മോർച്ച സെക്കുലർ(എച്ച്എഎം-എസ്) രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) എന്നിവർ ഉൾപ്പെടുന്നതാണ് എൻഡിഎ സഖ്യം.

കോൺഗ്രസ് പാർട്ടി, സിപിഐ-എംൽ, സിപിഐ, സിപിഎം, മുകേഷ് സഹാനിയുടെ വികാസ് ഇൻസാൻ പാർട്ടി (വിഐപി). തുടങ്ങിയവരാണ് രാഷ്ട്രീയ ജനതാദൾ നയിക്കുന്ന മഹാഗത്ബന്ധനിൽ ഉൾപ്പെട്ടിരിക്കുന്നത്. മഹാസഖ്യത്തിന്റെ പ്രകടന പത്രിക ചൊവ്വാഴ്ച 'ബീഹാർ കാ തേജസ്വി പ്രൺ' എന്ന പേരിൽ പുറത്തിറക്കിയിരുന്നു. സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനകം സംസ്ഥാനത്തെ ഓരോ കുടുംബത്തിലെയും ഒരംഗത്തിന് സർക്കാർ ജോലി നൽകുന്നതിനുള്ള നിയമം പാസാക്കുമെന്നാണ് മഹാസഖ്യത്തിന്റെ വാഗ്ദാനം.

243 സീറ്റുകളുള്ള ബീഹാർ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ ആറ്, 11 തീയതികളിലായി രണ്ടു ഘട്ടങ്ങളിലായാണ് നടക്കുന്നത്. കൂടാതെ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള എട്ട് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകൾ നവംബർ 11ന് നടക്കും. രണ്ട് തിരഞ്ഞെടുപ്പുകളുടേയും ഫലം നവംബർ 14ന് പ്രഖ്യാപിക്കും.