പ്രവാസികളുടെ ആശങ്കകൾ അവസാനിക്കുന്നു, ഞൊടിയിടയിൽ നാട്ടിലെ അക്കൗണ്ടിൽ പണം ക്രെഡിറ്റാകും; പുതിയമാറ്റം

Friday 31 October 2025 11:28 AM IST

വിദേശത്തുളള ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അതിവേഗത്തിൽ പണം അയക്കാനുളള പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). സാങ്കേതികവിദ്യയിൽ വൻകുതിപ്പുണ്ടായിട്ടും പല സാഹചര്യങ്ങളിലും പ്രവാസികൾ നേരിടുന്ന വലിയൊരു പ്രശ്നമാണിത്. അയക്കുന്ന പണത്തിന്റെ പരിധിയിലും പല ബുദ്ധിമുട്ടുകളും പ്രവാസികൾ നേരിടുന്നുണ്ട്.

ചില സാഹചര്യങ്ങളിൽ നാട്ടിലേക്ക് പണം അയച്ചാൽ 24 മണിക്കൂറിനുളളിൽ നാട്ടിലെ അക്കൗണ്ടുകളിൽ ക്രെഡി​റ്റാകാത്ത സാഹചര്യവുമുണ്ട്. ഇത് പലരിലും ആശങ്ക സൃഷ്ടിക്കാറുണ്ട്. എന്നിരുന്നാലും ആർബിഐയുടെ പുതിയ നീക്കം വിദേശത്തുളള ഇന്ത്യക്കാർക്ക് ആശ്വാസം പകരുന്ന തരത്തിലാണ്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളും ആർബിഐ പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തുളള ഇന്ത്യക്കാർക്കും അവരുടെ ബിസിനസുകളിൽ നിന്നുളള വരുമാനം എങ്ങനെ നാട്ടിലുളള അക്കൗണ്ടിലേക്ക് അതിവേഗം എത്തിക്കാം എന്ന കാര്യങ്ങളാണ് മാർഗനിർദ്ദേശങ്ങളിൽ വിവരിച്ചിരിക്കുന്നത്.

ഗുണഭോക്തൃ ബാങ്കിലേക്ക് (ബെനിഫിഷ്യറി ബാങ്ക്) പണം സ്വീകരിക്കുന്നതിനും ഗുണഭോക്തൃ അക്കൗണ്ടിലേക്ക് (ബെനിഫിഷ്യറി അക്കൗണ്ട്) പണം ക്രെഡി​റ്റ് ആകുന്നതിനുമിടയിലുളള കാലതാമസമാണ് ഈ പ്രശ്നത്തിന് കാരണം. ഇത്തരം പണമിടപാടുകളുടെയും അക്കൗണ്ടിൽ എത്തുന്ന പണത്തിന്റെ വിവരങ്ങൾ കൃത്യമായി ഉപഭോക്താവിലേക്ക് എത്തിക്കുന്നതിനാണ് ആർബിഐ പുതിയ കരട് പുറപ്പെടുവിച്ചിട്ടുളളത്. ആർബിഐ അവരുടെ പേയ്‌മെന്റ് വിഷൻ 2025ലും ജി20 രൂപരേഖയിലും (അതിർത്തി കടന്നുളള പണമിടപാടുകൾ അതിവേഗത്തിലാക്കാനുളള പദ്ധതി) പ്രതിപാദിച്ചിട്ടുണ്ട്.

വിദേശത്ത് നിന്ന് എപ്പോഴാണോ നാട്ടിലെ ഒരു അക്കൗണ്ടിലേക്ക് പണം അയക്കുന്നത്, ആ സമയത്തുതന്നെ പണം ക്രെഡി​റ്റാകണമെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിദേശത്തുനിന്ന് വരുന്ന പണത്തിന്റെ ആധികാരികത ഉറപ്പാക്കാൻ വേണ്ടി പല ബാങ്കുകളും എൻഡ് ഒഫ് ഡേ നോസ്‌ട്രോ അക്കൗണ്ട് സ്‌​റ്റേ​റ്റ്‌മെന്റുകൾ ഉപയോഗിക്കുന്നുണ്ടൈന്നും ആർബിഐ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ വരുന്ന താമസമാണ് പണം ക്രെഡി​റ്റാകുന്നതിലും പ്രതിഫലിക്കുന്നത്.

നോസ്‌ട്രോ അക്കൗണ്ട് ഒരു വിദേശരാജ്യത്ത് ഇന്ത്യൻ ബാങ്ക് നടത്തുന്ന അക്കൗണ്ടാണ് നോസ്‌ട്രോ അക്കൗണ്ട്. ഇത് സാധാരണയായി ആ രാജ്യത്തിന്റെ കറൻസിയിലാണ് പണമിടപാട് നടത്തുന്നത്. മ​റ്റൊരു രാജ്യത്ത് നിന്ന് ഇന്ത്യയിലെ അക്കൗണ്ടിലേക്ക് പണം അയക്കുമ്പോൾ ആദ്യം നോസ്‌ട്രോ അക്കൗണ്ടിലേക്കാണ് വരുന്നത്. ഇത്തരത്തിൽ എത്തുന്ന പണത്തിന്റെ ആധികാരികത ഉറപ്പിക്കാൻ അരമണിക്കൂറിൽ കൂടുതൽ സമയം അനുവദിക്കരുതെന്നും മാർഗനിർദ്ദേശങ്ങളിൽ ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

നേരായ മാർഗത്തിലൂടെ മാത്രം ഇത്തരം നടപടികൾ സ്വീകരിക്കണമെന്നും വിലക്കിയിട്ടുണ്ട്. ഇത്തരം വിദേശപണമിടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് ഡിജി​റ്റൽ ഇന്റർഫേസുകൾ (പണമിടപാട് ട്രാക്ക് ചെയ്യാനുളള സംവിധാനങ്ങൾ) അനുവദിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പ്രവൃത്തി ദിവസമാണ് വിദേശത്ത് നിന്ന് നാട്ടിലേക്ക് പണം അയച്ചിട്ടുണ്ടെങ്കിൽ അതേദിവസം തന്നെ പണം ക്രെഡി​റ്റാകാനുളള സംവിധാനങ്ങൾ ഒരുക്കണമെന്ന് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.

ഇത്തരത്തിലൊരു പണമിടപാട് നടത്തിയ ഉടൻ തന്നെ ബാങ്കുകൾ ഉപഭോക്താക്കളെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചിരിക്കണം. പ്രവർത്തന സമയം അവസാനിച്ച് ലഭിക്കുന്ന സന്ദേശങ്ങൾ തൊട്ടടുത്ത പ്രവൃത്തി ദിവസത്തിന്റെ തുടക്കം തന്നെ അറിയിക്കണമെന്നും സർക്കുലറിൽ പരാമർശിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിലേക്കുളള ഇൻവേർഡ് പേയ്‌മെന്റുകളിലൂടെ ഒരു മണിക്കൂറിനുളളിൽ (പത്ത് ശതമാനം) പണം ക്രെഡി​റ്റ് ചെയ്യപ്പെടണമെന്നാണ്. ഇത്തരത്തിലുളള വികസനം ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ പദവി ഉയർത്തും. നവംബർ 19നകം മ​റ്റുബാങ്കുകളും പങ്കാളികളും ഇതുമായി ബന്ധപ്പെട്ടുളള അഭിപ്രായങ്ങൾ ഔദ്യോഗികമായി അറിയിക്കണമെന്ന് ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്. സർക്കുലർ പുറത്തിറക്കി ആറുമാസത്തിനുളളിൽ ഇവ നടപ്പിലാക്കും.