ഫ്രിഡ്‌ജിൽ ഇങ്ങനെ ചെയ്‌താൽ വൈദ്യുതി ബിൽ കൂടുമോ? സംശയത്തിന് മറുപടിയിതാ

Friday 31 October 2025 11:47 AM IST

ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമായിരിക്കും. പല വീടുകളിലും ഫ്രിഡ്ജിന്റെ വാതിലിൽ കാർട്ടൂൺ കഥാപാത്രങ്ങളുടെയും മറ്റും മാഗ്നറ്റുകൾ ഒട്ടിച്ചുവയ്ക്കാറുണ്ട്. ഇത് നിങ്ങളുടെ റഫ്രിജറേറ്ററിന്റെ ഭംഗി കൂട്ടുകയും ചെയ്യുന്നു. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കറണ്ട് ബിൽ കൂടാൻ കാരണമാകുമെന്ന രീതിയിലുള്ള ചില പ്രചാരണങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിലുണ്ടായിരുന്നു.

ഈ വർണ്ണാഭമായ മാഗ്നറ്റുകൾ നിങ്ങളുടെ വൈദ്യുതി ബിൽ വർദ്ധനയ്ക്കുള്ള പരോക്ഷ കാരണമാണ്. ഈ മാഗ്നറ്റുകൾ നിങ്ങളുടെ ഫ്രിഡ്ജിന്റെ കൂളിംഗ് സിസ്റ്റത്തെയോ വാതിൽ സീലിനെയോ തടസപ്പെടുത്തുകയും അത് കൂടുതൽ കൂടുതൽ ഊർജ്ജം ചെലവഴിക്കുമെന്നുമായിരുന്നു പ്രചാരണം.

പ്രചാരണത്തിന് പിന്നിൽ വല്ല വാസ്തവവും ഉണ്ടോ? ഇല്ലെന്നാണ് ബെർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാല നടത്തിയ അവലോകനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഫ്രിഡ്ജ് മാഗ്നറ്റുകൾ നിങ്ങളുടെ റഫ്രിജറേറ്ററിന്റെ ഊർജ്ജ ഉപഭോഗത്തെ ബാധിക്കില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഫ്രിഡ്ജിലെ മാഗ്നറ്റുകൾ വൈദ്യുതി ബില്ലുകൾ വർദ്ധിപ്പിക്കുമെന്ന മിഥ്യാധാരണ ഒരു റഫ്രിജറേറ്റർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പത്തിൽ നിന്നാണ് ഉണ്ടാകുന്നതെന്നും അവർ വ്യക്തമാക്കി. പുറം വാതിലിൽ എന്തെങ്കിലും ഒട്ടിക്കുന്നതും വൈദ്യുതി ബില്ലും തമ്മിൽ ഒരു ബന്ധവുമില്ല.

നിങ്ങളുടെ ഫ്രിഡ്ജിൽ ഒരു മാഗ്നറ്റ് ഒട്ടിക്കുമ്പോൾ, അത് ലോഹ പ്രതലത്തിൽ പറ്റിപ്പിടിച്ചിരിക്കും. തണുപ്പിക്കൽ പ്രക്രിയയെയോ സെൻസറുകളെയോ കംപ്രസ്സറിനെയോ ഇത് തടസപ്പെടുത്തുന്നില്ലെന്നും വിദഗ്ദ്ധർ വ്യക്തമാക്കി.