തലകറക്കത്തിന് ഡോ. എം.ആർ. രവിയുടെ ചികിത്സ; ഫലസിദ്ധിയ്ക്ക് തെളിവ് പതിനായിരങ്ങൾ
ശാസ്ത്രസത്യം, ദൈവനിശ്ചയം...
ശരീരത്തിന്റെ ബാലൻസ് നഷ്ടമായി ഗുരുതര തലക്കറക്കമുണ്ടാകുന്ന രോഗത്തിൽ നിന്ന് (ബിനൈൻ പാരോക്സിസ്മൽ പൊസിഷണൽ വെർട്ടിഗോ) സിങ്കപ്പൂരിലെ തന്റെ ചങ്ങാതിയെ രക്ഷപ്പെടുത്തിയ ഡോക്ടറെ തേടി നന്ദി അറിയ്ക്കാൻ നടൻ മോഹൻലാൽ നേരിട്ടെത്തിയെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പക്ഷേ, അത് സത്യമായിരുന്നു. കേരളത്തിന്റെ ആരോഗ്യമേഖലയിലെ അടക്കം ജനലക്ഷങ്ങൾ ആ സംഭവമറിഞ്ഞു. ലാലിന്റെ സന്ദർശനത്തിനുമുൻപ് ആയിരങ്ങൾ ആ ഡോക്ടർക്ക് രോഗികളായി ഉണ്ടായിരുന്നെങ്കിൽ, ആ വരവിന് ശേഷം പതിനായിരങ്ങളാണെത്തിയത്. ഇപ്പോഴും ആ ഒഴുക്ക് കൂടിക്കൂടി വരുന്നു. ചെന്ത്രാപ്പിന്നി മമ്പറമ്പത്ത് ഡോ. എം.ആർ. രവിയെ തേടിയാണ് മോഹൻലാൽ എത്തിയത്. തൊട്ടുവെച്ച ഫലസിദ്ധി രോഗികൾക്ക് അനുഭവവേദ്യമാക്കി ലോകമെങ്ങുമുളള വെർട്ടിഗോ രോഗികൾക്ക് സാന്ത്വനമായി മാറിയ ഡോക്ടർ. രോഗിയായപ്പോൾ ഡോക്ടർ കണ്ടെത്തിയ വിദ്യ ഇയർബാലൻസ് പ്രശ്നം ഡോക്ടറേയും മുൻപ് ബാധിച്ചിരുന്നു. തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഈ രോഗമുണ്ടായി. ഒരു ദിവസം പുലർച്ചെയായിരുന്നു അപ്രതീക്ഷിതമായി രോഗം പിടികൂടിയത്. വെറും മരുന്നുകൾകൊണ്ട് ഒരിക്കലും ശാശ്വതപരിഹാരമില്ലാത്ത രോഗമായതുകൊണ്ടു തന്നെ തലയുടെ ചില വ്യായാമമുറകൾ കൊണ്ട് എങ്ങനെ പരിഹരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. കുറേ പുസ്തകങ്ങളും പഠനങ്ങളുമെല്ലാം റഫർ ചെയ്ത് സ്വയം ഒരു വ്യായാമമുറയുണ്ടാക്കി ഭാര്യയിൽ തന്നെ ആദ്യ പരീക്ഷണം നടത്തി. അത് വിജയിച്ചു. പിന്നെ രോഗികൾക്കും ചികിത്സ നൽകി. മൗത്ത് പബ്ളിസിറ്റിയിലൂടെ േരാഗികൾ പറഞ്ഞ് പറഞ്ഞ് ആ ചികിത്സാരീതി പ്രശസ്തമായി മാറി. ഒറ്റതവണ പരിശീലിപ്പിക്കുമ്പോൾ തന്നെ രോഗം മാറുന്നത് കണ്ടപ്പോൾ വിദേശത്തുളള രോഗികളും ഡോക്ടറെ ബന്ധപ്പെടാൻ തുടങ്ങി. അങ്ങനെ വീഡിയോകോൾ വഴിയും ചികിത്സ തുടർന്നു. മോഹൻലാലിന്റെ സുഹൃത്തും ഒരിക്കൽ ചികിത്സ തേടി. ഉടൻ രോഗം മാറി. അദ്ദേഹത്തിന്റെ മലേഷ്യയിലുള്ള സഹോദരിയ്ക്കും വീഡിയോ കോളിൽ ചികിത്സ നൽകി. രോഗം മാറിയതിന്റെ സന്തോഷം സുഹൃത്ത് മോഹൻലാലിനെ അറിയിച്ചു. അങ്ങനെയാണ് ഒരു ദിവസം മോഹൻലാൽ വരുന്നുണ്ടെന്ന വിവരം കിട്ടുന്നത്. താൻ വരുന്നുണ്ടെന്ന് ആരേയും അറിയിക്കരുതെനായിരുന്നു നിബന്ധന. കഴിഞ്ഞ ജൂൺ 23 നാണ് മോഹൻലാലെത്തിയത്. രാവിലെ 5 മണിയ്ക്ക് എത്തിയ മോഹൻലാൽ ചായയും നട് സും കഴിച്ച് ഒരു മണിക്കൂറോളം സംസാരിച്ചാണ് മടങ്ങിയത്. അദ്ദേഹം പോയ ശേഷവും അധികമാരോടും ഡോ. രവി ഇക്കാര്യം പറഞ്ഞില്ല. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ പുലർച്ചെ 4.30ന് ദർശനം നടത്തിയ ശേഷമായിരുന്നു മോഹൻലാൽ ഡോ.രവിയെ കാണാനെത്തിയത്. രാവിലെ ആറ് മണിയോടെ ലാൽ വീട്ടിലെത്തുമ്പോൾ ഡോക്ടറും ഭാര്യയും സഹായിയും മാത്രമാണുണ്ടായിരുന്നത്. എല്ലാവരുടേയും ഒപ്പം ഫോട്ടോ എടുത്ത് മടങ്ങുമ്പോൾ ഡോക്ടറുടെ വീട്ടിലെ സഹായിയ്ക്കും അപ്രതീക്ഷിതമായെത്തിയ ഒരു രോഗിയ്ക്കും ഒപ്പംനിന്ന് ഫോട്ടോ എടുക്കാനും അദ്ദേഹംസമ്മതംനൽകി.
എന്നും സമൂഹത്തിനൊപ്പം കയ്പമംഗലം മമ്പറമ്പത്ത് വീട്ടിൽ മിലിട്ടറി ഉദ്യോഗസ്ഥനായ രാമകൃഷ്ണന്റേയും ലക്ഷ്മിയടേയും നാലുമക്കളിൽ മൂത്തവനാണ് ഡോ. രവി. പെരിഞ്ഞനം ആർ.എം.എച്ച്.എസിൽ നിന്ന് ഫസ്റ്റ് ക്ളാസോടെ പത്താം ക്ളാസ് പാസായ രവി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് പ്രീഡിഗ്രിയ്ക്കും ഉയർന്ന മാർക്ക് നേടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനവും ലഭിച്ചു. പഠിച്ചിറങ്ങിയപ്പോൾ തന്നെ കൊല്ലം ജില്ലയിലെ പെരുനാടും പൂയപ്പിളളിയിലും ഇ. എസ്. ഐ. ഡിസ്പെൻസറികളിൽ മെഡിക്കൽ ഓഫീസറായി ജോലി കിട്ടി.തുടർന്ന് ശബരിമലയ്ക്ക് അടുത്തുളള സീതത്തോട് ഗവ. ഡിസ്പെൻസറിയിലേക്കായിരുന്നു. കാടിന് നടുവിൽ വന്യമൃഗങ്ങൾ നിറഞ്ഞ സ്ഥലം. പരിമിതമായ സാഹചര്യങ്ങൾ. എങ്കിലും പാവപ്പെട്ട രോഗികൾക്കു വേണ്ടി ആതുരസേവനം ചെയ്യുന്നതിൽ ഡോ. രവി സാഫല്യം കണ്ടു. ആ സമയം തന്നെയായിരുന്നു ഡോ. രവി വിവാഹിതനായത്. ഭാര്യ നന്ദിനി ഒരു മടിയും കൂടാതെ ആ പരിമിതമായ സാഹചര്യത്തിലേക്ക് കടന്നുവന്നു. മൂന്നുവർഷത്തിലേറെക്കാലം സീതത്തോട് ഇരുവരും താമസിച്ചെങ്കിലും പിന്നീട് തൃശൂർ ജില്ലയിലെ വനമേഖലയായ പൂമലയിലേക്ക് സ്ഥലംമാറ്റം കിട്ടി. അന്നും രോഗികളായെത്തിയിരുന്നത് ഒരു നേരത്തെ അന്നത്തിന് പാടുപെടുന്നവരായിരുന്നു. പൂമലയിൽ നിന്ന് നേരെ ചെന്നത് അട്ടപ്പാടിയിലേക്കായിരുന്നു. അവിടെ ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യസംരക്ഷണം ഡോ.രവി ഏറ്റെടുത്തു. നിരവധി സേവനപ്രവർത്തനങ്ങളും നടത്തി. തുടർന്ന് നാട്ടികയിലും ചാമക്കാലയിലും അന്തിക്കാടും അദ്ദേഹം മെഡിക്കൽ ഓഫീസറായി സേവനം അനുഷ്ഠിക്കമ്പോഴും സേവന സന്നദ്ധത മുറുകെ പിടിച്ചു. പിന്നീട് തൃശൂരിൽ ഡിസ്ട്രിക്ട് ലെപ്രസി ഓഫീസറായപ്പോഴും പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളെ ചേർത്തുപിടിച്ചു. ഡോ. രവിയുടെ സേവനസന്നദ്ധതയും ഇച്ഛാശക്തിയും ഭരണകൂടത്തിന്റെ പ്രശംസ പിടിച്ചുപറ്റി. അതിനിടെ അദ്ദേഹത്തെ വയനാട് മീനങ്ങാടിയിലേക്ക് സ്ഥലം മാറ്റി. അത് അറിഞ്ഞ് ജില്ലാ കളക്ടർ ഇടപെട്ട് തിരിച്ചു തൃശൂരിലെത്തിക്കണമെന്ന് ശുപാർശ ചെയ്തത് ആരോഗ്യവകുപ്പിന്റെ ചരിത്രത്തിലെ അപൂർവ സംഭവമായിരുന്നു. ഒടുവിൽ, വയനാട്ടിൽ ഡി.എം.ഒ ആയിരിക്കെയും ആദിവാസികളുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരടേയും പിന്നാക്കവിഭാഗങ്ങളുടേയും ഉന്നമനത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. തെരുവ് നായ് ശല്യം ഇല്ലാതാക്കാൻ നീക്കം അന്നും വയനാട്ടിൽ തെരുവുനായ്ക്കളുടെ ശല്യമുണ്ടായിരുന്നു. വയനാട് ജില്ലയിൽ നിരവധി പേർക്ക് നായ്ക്കളുടെ കടിയേൽക്കുന്നുവെന്ന റിപ്പോർട്ട് അദ്ദേഹത്തെ ഞെട്ടിച്ചു. ഇതിനുളള വാക്സിന്റെ ചെലവ് തന്നെ ലക്ഷങ്ങളായിരുന്നു. നിരവധി പേർ മരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഒരു ആദിവാസി വൃദ്ധയുടെ പരാതിയായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ സമർപ്പിച്ചാണ് ഡോ. രവി പരിഹാരം കണ്ടെത്തിയത് അടിയന്തരനടപടിയെടുക്കാനും അല്ലെങ്കിൽ നായ്ക്കളെ കൊന്നൊടുക്കാനും അതോറിട്ടി വിധിച്ചത് നിർണ്ണായകമായി. 31 വർഷത്തെ സേവനത്തിനുശേഷം 2006 ൽ വിരമിച്ചു. പിന്നീട് വീട്ടിൽ പ്രാക്ടീസ് തുടർന്നു. കുറച്ചു മരുന്നുകൾ മാത്രം കുറിച്ച് അനാവശ്യമായ സ്കാനിംഗും മറ്റു പരിശോധനകളും ഒഴിവാക്കിയാണ് അദ്ദേഹത്തിന്റെ ചികിത്സാ രീതി. അതുകൊണ്ടു തന്നെ തീരദേശത്തെ സാധാരണക്കാരായ ആയിരങ്ങൾ ഈ ജനകീയ ഡോക്ടറെ തേടിയെത്തി. 40,000ത്തോളം രോഗികൾ തലകറക്കം ബാധിച്ച് ഡോക്ടറെ തേടിയെത്തിയിട്ടുണ്ട്. മോഹൻലാലിന്റെ എഫ്.ബി. പോസ്റ്റിനുശേഷം ക്ലിനിക്കിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ചു. ബുക്കിംഗ് ഓൺലൈനാക്കി. എല്ലാ ചികിത്സാ ശാസ്ത്രത്തേയും ബഹുമാനിച്ച് ആയുർവേദം അടക്കമുളള ഇതരചികിത്സാമേഖലയേയും അദ്ദേഹം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. തന്റെ അറിവുകൾ ആയുർവേദ ഡോക്ടർമാരും സ്വീകരിക്കണമെന്ന നിലപാടാണ് അദ്ദേഹത്തിനുളളത്. പൊതുജനാരോഗ്യം മെച്ചപ്പെടാൻ എല്ലാ ചികിത്സാരീതികളിലേയും മികവുകൾ പരിഗണിക്കണമെന്നാണ് അദ്ദേഹം അടിവരയിട്ട് വ്യക്തമാക്കുന്നത്.ആതുര ശുശ്രൂഷ മേഖലയിൽ ഡോക്ടർക്ക് പിന്തുണയായി കുടുംബവും ഒപ്പമുണ്ട്. ഭാര്യ നന്ദിനി പതിറ്റാണ്ടുകളായി എംബ്രോയ്ഡറി ചിത്രങ്ങൾ തയ്യാറാക്കുന്ന കലാകാരിയാണ്. അമ്പതു വർഷം പഴക്കമുളള ആ എംബ്രോയ്ഡറി വർക്കുകൾ ഇപ്പോഴും ആകർഷകം. മകൻ ടിങ്കുവും മരുമകൾ പാർവ്വതിയും കാനഡയിൽ ഐ.ടി വിദഗ്ധരാണ്. മകൾ ഡോ. ടിമി, മരുമകൻ ഡോ.പ്രവീൺ.
ലക്ഷങ്ങൾ തിരിച്ചറിഞ്ഞ എഫ്.ബി. പോസ്റ്റ്
മോഹൻലാൽ വീട്ടിൽവന്ന് 17 ദിവസത്തിനുശേഷം, ഡോക്ടറെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടതോടെയാണ് ആ സന്ദർശനം പരസ്യമായത്. അതിങ്ങനെയായിരുന്നു: ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ ''ജീവിതയാത്രയിൽ അവിചാരിതമായി നമ്മൾ ചില അനുഗ്രഹീതരെ കണ്ടുമുട്ടാറുണ്ട്. ഏറ്റവുമടുത്ത ഒരു സുഹൃത്തുവഴി അങ്ങനെ കണ്ടുമുട്ടിയ ഒരാളാണ് ചെന്ത്രാപ്പിന്നിയിലെ ഡോ. രവി ചെവിയുടെ ബാലൻസിംഗ് നഷ്ടമാവുന്ന രോഗാവസ്ഥയിൽനിന്ന് (ഇയർ ബാലൻസ്, ബി.പി.പി.വി) എന്റെ ഒരടുത്ത ചങ്ങാതിയെ നിസ്സാരമായി തോന്നുംവിധം ഭേദമാക്കിയ ആളാണ്. ഡോക്ടറെ നേരിൽക്കാണണമെന്ന് ആഗ്രഹം തോന്നി, ഇതേ ചങ്ങാതിക്കൊപ്പം ഈയിടെ തൃപ്രയാർ ക്ഷേത്രത്തിൽ പോയ കൂട്ടത്തിൽ ഞാനും അദ്ദേഹത്തിന്റെ വീട്ടിൽ പോയി. കണ്ടുമുട്ടിയപ്പോഴാണ്, ഇയർ ബാലൻസിന്റെ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ രവിയുടെ മഹത്വം നേരിട്ടറിയാനായത്. തന്നെ ഈ രോഗാവസ്ഥ ബാധിച്ചപ്പോൾ സ്വയം കണ്ടെത്തിയ പ്രതിവിധിയുടെ കൈപ്പുണ്യമാണ് ദൈവസിദ്ധമെന്ന നിലയ്ക്ക് അനേകർക്കാശ്വാസമായി അദ്ദേഹം കൈമാറുന്നത്. നിസ്വാർത്ഥതയുടെ പ്രതീകമെന്നാണ് അദ്ദേഹത്തിന്റെ സംഭാവനകൾ തിരിച്ചറിഞ്ഞപ്പോൾ തോന്നിയത്. സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ. അതുകൊണ്ടുതന്നെ ഈ ഹീറോയെപ്പറ്റി, അദ്ദേഹത്തിന്റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകൾക്കുവേണ്ടി പറയണമെന്നെനിക്കു തോന്നി. അദ്ദേഹത്തിന് ജഗദീശ്വരൻ ദീർഘായുസ്സും മംഗളങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
- മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെ ആയിരക്കണക്കിന് ഫോൺകോളുകളാണ് ആ ദിവസം തന്നെ ഡോ.രവിയെ തേടിയെത്തിയത്. ഫോണിൽ മറുപടി പറഞ്ഞ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ വരെയുണ്ടായി. ഇതുപോലെയൊരു 'ബ്രാൻഡ് അംബാസിഡറെ" ഒരാൾക്കും ഇങ്ങനെ ലഭിച്ചുകാണില്ലെന്ന് ഡോ.രവി പറയുന്നു. അദ്ദേഹത്തിന്റെ വലിയ മനസും വിശാലമായ ഹൃദയവുമാണ് അങ്ങനെയൊരു കുറിപ്പെഴുതാൻ തോന്നിപ്പിച്ചതെന്നാണ് ഡോ. രവി പറയുന്നത്. എത്രവലിയ കലാകാരനായാലും സാധാരണക്കാരനോടൊപ്പം നിലകൊളളാനുളള ലാലിന്റെ ഹൃദയശുദ്ധിയെ ഡോ.രവി നന്ദിയോടെ ഓർക്കുന്നു.
വെർട്ടിഗോ പോലുളള അസുഖത്തിന് പ്രത്യേകമരുന്നുകളും ചികിത്സയുമില്ല. താൻ സ്വയം ഈ രീതി കണ്ടെത്തുകയായിരുന്നു. നിരവധി രോഗികളുടെ അസുഖം മാറ്റാനുമായി. അപ്രതീക്ഷിതമായിട്ടാണ് മോഹൻലാലിന്റെ വിളിയെത്തിയത്. അത് തന്റെ ആതുരചികിത്സാ ജീവിതം തന്നെ മാറ്റി മറിച്ചു. — ഡോ. എം.ആർ. രവി
(രോഗ വിവരങ്ങൾ വ്യക്തമായി ഈ വാട്ട്സാപ്പ് നമ്പറിൽ അയക്കുക. (: 92495 82664 ) ഉടൻ ബന്ധപ്പെടും ) www.earbalancedoctor.in