സിനിമ പ്രമോഷൻ അതിരുവിട്ടു: തിരക്കേറിയ റോഡിൽ ബൈക്ക് കൊണ്ട് അഭ്യാസം, താരങ്ങൾക്കെതിരെ നടപടി

Friday 31 October 2025 12:38 PM IST

അഹമ്മദാബാദ്: സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റോഡിൽ ബൈക്കുമായി നടത്തിയ അഭ്യാസപ്രകടനത്തിന് താരങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ്. നടൻ ടിക്കൂ തൽസാനിയ, നടി മാനസി പരേഖ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അഹമ്മദാബാദിലെ സയൻസ് സിറ്റി റോഡിൽ വച്ചായിരുന്നു ഇവർ അഭ്യാസ രംഗങ്ങൾ ചിത്രീകരിച്ചത്. ഉടൻ റിലീസ് ചെയ്യാനിരുന്ന ഗുജറാത്തി സിനിമ 'മിസ്രി'യുടെ പ്രചാരണത്തിനിടെയാണ് പൊതു നിരത്തിൽ അപകടകരമായ രീതിയിൽ ഇവർ ബൈക്കിൽ അഭ്യാസപ്രകടനങ്ങൾ കാഴ്ചവച്ചത്.

മറ്റ് അണിയറ പ്രവർത്തകരോടൊപ്പം ചേർന്ന് താരങ്ങൾ നടത്തിയ പ്രകടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്. ഒക്ടോബർ 31ന് തിയേറ്ററുകളിൽ എത്താനിരുന്ന 'മിസ്രി'യുടെ റിലീസിന് മുന്നോടിയായുള്ള പ്രമോഷനിടെയാണ് സംഭവം. സിനിമയിലെ മറ്റ് അഭിനേതാക്കളായ പ്രേം ഗാധ്‌വി, ജെസൽ ജഡേജ എന്നിവരും പ്രമോഷൻ രംഗങ്ങളിൽ പങ്കെടുത്തിരുന്നു.

ഓടുന്ന ബൈക്കിന്റെ പിൻസീറ്റിൽ എഴുന്നേറ്റ് നിന്ന്, നടി മാനസി പരേഖ് ടൈറ്റാനിക് സിനിമയിലെ ജാക്കിെന്റെയും റോസിന്റെയും പോസ് അനുകരിക്കുന്നത് കാണാം. ബൈക്ക് ഓടിച്ചയാൾ മാനസിയുടെ കൈയിൽ പിടിച്ച് മുന്നോട്ട് പോവുകയും സ്പീഡ് ബ്രേക്കർ കടക്കുന്നതിന് തൊട്ടുമുമ്പ് ഹാൻഡിലിൽ നിന്നുള്ള പിടി വിടുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു വീഡിയോയിൽ നടൻ ടിക്കൂ തൽസാനിയ തിരക്കിനിടയിലൂടെ ബൈക്ക് ഓടിക്കുമ്പോൾ സീറ്റിൽ എഴുന്നേറ്റ് നിൽക്കുന്നതും കാണാം.

വീഡിയോ വൈറലായതോടെ താരങ്ങൾക്കെതിരെയും സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെയും കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. വിമർശനം ശക്തമായതോടെ അഹമ്മദാബാദ് ട്രാഫിക് പൊലീസ് നിയമനടപടി സ്വീകരിക്കുകയായിരുന്നു. പ്രൊമോഷൻ ചിത്രീകരണത്തിനായി പൊലീസിൽ നിന്നോ ട്രാഫിക് അധികൃതരിൽ നിന്നോ സിനിമയുടെ അണിയറ പ്രവർത്തകർ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്ന് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.