മനസൊരു സെയിൽസ്മാൻ
ജീവിതത്തിൽ നമുക്ക് കൈവരിക്കാൻ കഴിയുന്ന പരമമായ വിജയം നമ്മുടെ മനസിനെ സ്വാധീനിക്കുക എന്നതാണ്. മനസ് നമ്മുടെ കൈയിൽ അല്ലെങ്കിൽ നമ്മുടെ ചിന്തയും വാക്കും പ്രവൃത്തിയും നമ്മുടെ നിയന്ത്രണത്തിലാകില്ല. മനസിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് തുള്ളുന്ന കളിപ്പാവയായി നമ്മൾ മാറും. ഏത് ആശയവും നമ്മിൽ അടിച്ചേല്പിക്കാൻ മനസിനു കഴിയും. ലോകത്തിലേക്കും വച്ച് ഏറ്റവും മികച്ച 'സെയിൽസ്മാൻ" മനസാണ്.
ഒരു സെയിൽസ്മാൻ അദ്ദേഹത്തിന്റ ബോസിനോടു പറഞ്ഞു, ''ഈ അടുത്തകാലത്ത്, വിദേശത്തു ജോലി ചെയ്യുന്ന ഒരാൾക്ക് ഞാൻ എന്റെ വസ്തു വിറ്റു. സ്ഥലം വന്നുകാണാതെയാണ് അയാൾ കരാറെഴുതിയത്. അദ്ദേഹം നാട്ടിൽ ചെന്നപ്പോഴാണ് സ്ഥലം കാണുന്നത്. വെള്ളക്കെട്ട് നിറഞ്ഞ ഭൂമിയാണ്. ചില ഭാഗങ്ങളിൽ ആറടിയോളം വെള്ളം കെട്ടിനില്ക്കുന്നതു കണ്ട് പണം തിരിച്ചു കിട്ടണമെന്നു പറഞ്ഞ് അയാൾ ബഹളം വയ്ക്കുന്നു. ഞാനെന്തു ചെയ്യണം?"" അപ്പോൾ ബോസ് പറഞ്ഞു, ''നീ ഒരു സെയിൽസ്മാനാണെന്ന കാര്യം മറക്കരുത്. ഒരു കാര്യം ചെയ്യൂ. പമ്പിന്റെ ഏജൻസിയെടുത്തിട്ടു രണ്ടു പമ്പ് അയാൾക്കു വില്ക്കാൻ നോക്ക്. അയാൾ വെള്ളം അടിച്ചു വറ്റിക്കട്ടെ.""
കോട്ടത്തെ നേട്ടമാക്കാനും പ്രതികൂല സാഹചര്യത്തെ അനുകൂല സാഹചര്യമാക്കാനുമുള്ള ബിസിനസ് മനസിന്റെ കഴിവ് നമ്മൾ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രാവർത്തികമാക്കണം. എന്നാൽ അതിന്റെ പ്രലോഭനങ്ങളെ അതിജീവിക്കുകയും വേണം. ഏതൊരു വസ്തു ആഗ്രഹിക്കുമ്പോഴും അതിനു നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം മനസിലാക്കിയിട്ടു വേണം. ആഗ്രഹങ്ങൾക്കു നമ്മളെ പൂർണ്ണതയിൽ എത്തിക്കാൻ കഴിയില്ലെന്ന സത്യം നമ്മൾ അറിയണം.
പലവിധത്തിലുള്ള വികാരവിചാരങ്ങളും ആഗ്രഹങ്ങളും മനസിലുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, അതിനൊക്കെ നിയന്ത്രണം അത്യാവശ്യമാണ്. വിശപ്പ് സ്വാഭാവികമാണ്. എന്നാൽ ആഹാരപദാർത്ഥങ്ങൾ കാണുമ്പോഴെല്ലാം അതെടുത്തു കഴിക്കാറില്ലല്ലോ. അങ്ങനെ കഴിച്ചാൽ അസുഖം പിടിപെട്ടു കിടപ്പിലാകും. വിശപ്പ് നല്ലവണ്ണമുണ്ടെങ്കിലും നമുക്ക് ഏറ്റവും പ്രിയപ്പെട്ട ആഹാരമാണെങ്കിലും സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ നമ്മൾ അത് കഴിക്കില്ല. അതു കാണിക്കുന്നത് വേണമെങ്കിൽ നമുക്ക് അത്തരം വികാരങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രിക്കാൻ കഴിയുമെന്നാണ്. അമിതമായോ അധാർമ്മികമായോ സുഖം തേടിയാൽ പിന്നെ ദുഃഖമായിരിക്കും ഫലം.
ബസിൽ യാത്ര ചെയ്യുമ്പോൾ നമ്മൾ നല്ല വീട്, കെട്ടിടങ്ങൾ, പൂന്തോട്ടങ്ങൾ എന്നിവയൊക്കെ കാണാറുണ്ട്. എന്നാൽ അവയുമായി നമ്മൾ ബന്ധിക്കാറില്ല. കാരണം നമ്മുടെ ലക്ഷ്യം അവയൊന്നുമല്ല. അതുകൊണ്ട് നമുക്ക് ഇറങ്ങാനുള്ള സ്ഥലം എത്തുന്നതുവരെ പുറത്തുള്ളതെല്ലാം സാക്ഷിഭാവത്തിൽ കണ്ടുകൊണ്ടിരിക്കും. അതുപോലെ അടുത്തിരിക്കുന്ന സഹയാത്രികനുമായി നമ്മൾ സൗഹൃദം സ്ഥാപിച്ചേയ്ക്കാം. എന്നാൽ നമുക്ക് ഇറങ്ങേണ്ട സ്ഥലമെത്തിയാൽ ഒരു വിഷമവും കൂടാതെ നമ്മൾ അയാളിൽ നിന്നു വേർപിരിയും. ഇതുപോലെ മനസിൽക്കൂടി കടന്നുപോകുന്ന ചിന്തകളെയും ജീവിതാനുഭവങ്ങളെയും കാണുവാൻ കഴിയണം. എല്ലാത്തിനേയും സ്വീകരിക്കുക, പക്ഷേ ഒന്നിനും നമ്മുടെ സ്വാതന്ത്ര്യം പണയം വയ്ക്കാതിരിക്കുക. ആഴമുള്ള നദിയുടെ ഒഴുക്ക് നോക്കിനില്ക്കാം, അതിൽ രസമുണ്ട്. എന്നാൽ അതിലേക്കിറങ്ങിയാൽ നമ്മൾ മുങ്ങിപ്പോകും. അതുപോലെ മനസിൽക്കൂടി ചിന്തകൾ കടന്നുപോകുമ്പോൾ, സാക്ഷിയായി നില്ക്കുവാൻ പരിശീലിക്കണം. അത് ജീവിതത്തിൽ ശാന്തിയെ കൊണ്ടുവരും.