മെഗാ ഫ്രണ്ട്സ്
നവാഗതനായ രഞ്ജിത്ത് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും വീണ്ടും ഒരുമിക്കുന്നു. റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു, രാജേഷ് പിള്ളയുടെ വേട്ട എന്നീ സിനിമകളിലാണ് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഒരുമിച്ചത്. ഹൗ ഓൾഡ് ആർ യുവിൽ ഇരുവരും അവതരിപ്പിച്ച രാജീവ്, നിരുപമ എന്നീ കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടി. ഇടവേളയ്ക്കുശേഷം വെള്ളിത്തിരയിലേക്ക് മഞ്ജു വാര്യരുടെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ഹൗ ഓൾഡ് ആർ യു .ഒൻപത് വർഷത്തിനുശേഷം ആണ് ഇത്തവണ ഒരുമിക്കുന്നത്. സിനിമയ്ക്ക് പുറത്ത് അടുത്ത സുഹൃത്തുക്കളാണ് ചാക്കോച്ചനും മഞ്ജുവും. അന്താക്ഷരി എന്ന ചിത്രത്തിന്റെ സഹരചയിതാവായ രഞ്ജിത്ത് വർമ്മ ഫാലിമി സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. വി ആൻഡ് ഗ്ളോബൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. എമ്പുരാൻ ആണ് മഞ്ജു അഭിനയിച്ച് അവസാനം റിലീസ് ചെയ്ത ചിത്രം .എഡിറ്റർ കിരൺ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് ചാക്കോച്ചൻ അഭിനയിക്കുന്നത്. മാത്തുക്കുട്ടി സേവ്യർ, രതീഷ് അമ്പാട്ട് എന്നിവരുടെ സിനിമയിലും അഭിനയിക്കുന്നുണ്ട്.അതേസമയം കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഉൾപ്പെടുന്ന സംഘം അമേരിക്കയിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ പുറപ്പെടുന്നു.മേയ് മാസത്തിൽ ആണ് യാത്ര. രമേഷ് പിഷാരടി, സാനിയ അയ്യപ്പൻ, അഫ്സൽ, സിതാര കൃഷ്ണകുമാർ, മിഥുൻ രമേശ് തുടങ്ങിയവരും സംഘത്തിലുണ്ട്.മാർട്ടിൻ പ്രക്കാട്ടാണ് ഷോ ഡയറക്ടർ.