ബംഗാളി സംസാരിച്ച് നിമിഷ സജയൻ
മലയാളത്തിലെ മികച്ച അഭിനേത്രിമാരിൽ ഒരാളായ നിമിഷ സജയൻ ബംഗാളി സിനിമയിൽ . ചന്ദ്രാശിഷ് റായ് സംവിധാനം ചെയ്ത 'പോർഷി " എന്ന ചിത്രത്തിലൂടെയാണ് നിമിഷയുടെ ബംഗാളി അരങ്ങേറ്റം. 'പോർഷി" എന്ന ബംഗാളി വാക്കിന് അയൽക്കാർ എന്നാണ് അർത്ഥം. നവംബർ 6 മുതൽ 13 വരെ നടക്കുന്ന 31-ാമത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ 'പോർഷി"യുടെ ആദ്യ പ്രദർശനം നടക്കും. ലോഖി ഛേലെ, നിരൊന്തർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ചന്ദ്രാശിഷ് റായ്. മലയാളി ഛായാഗ്രാഹകൻ അപ്പു പ്രഭാകർ ക്യാമറ ചലിപ്പിക്കുന്നു. ഇന്ദ്രാശിഷ് റായ്, സുദീപ്ത ചക്രബർത്തി, കൗശിക് ഗാംഗുലി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ സജീവമായ നിമിഷ സജയൻ 'ഹവാ ഹവായി "എന്ന മറാഠി സിനിമയിൽ നായികയായി വേഷമിട്ടതാണ്. മുംബയിൽ ജനിച്ചു വളർന്ന നിമിഷ ആദ്യമായി അഭിനയിച്ച മറാഠി സിനിമ കൂടിയാണ് 'ഹവാ ഹവായി".