പവനപർവത്തിലെ തുലാവർഷം
''ദാ, ഇതുപോലെ എപ്പോഴും ചിരിക്കും... വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നു പറഞ്ഞ് എത്ര വഴക്കുണ്ടാക്കിയാലും ഈ ചിരി തന്നെ...""പവനന്റെ ഫോട്ടോ ചേർത്തുപിടിച്ച് പാർവതി പവനൻ പറഞ്ഞു. തുലാമഴ പെയ്യുന്നുണ്ട്. തൃശൂർ നഗരത്തോടു ചേർന്ന് കുണ്ടുവാറയിലെ വീട്ടിൽ പവനന്റെ ഓർമ്മകളും പെയ്യുന്നു.
എഴുത്തുകാരനും രാഷ്ട്രീയചിന്തകനും യുക്തിവാദിയും പത്രപ്രവർത്തകനുമെല്ലാമായിരുന്ന പവനന്റെ ജന്മശതാബ്ദി ദിനം കടന്നുപോയിരിക്കുന്നു. പവനന് നൂറ് വയസാകുന്നുവെന്ന് ഓർമ്മപ്പെടുത്തിയപ്പോൾ സഹധർമ്മിണി പാർവതി പവനൻ പറഞ്ഞു: '' ഓർക്കേണ്ടവർ ആരാണ് അദ്ദേഹത്തെ ഓർക്കുന്നത്. ഈ കാലത്ത് ജീവിക്കാൻ തന്നെ അദ്ദേഹം ഇഷ്ടപ്പെടില്ല.""
''സൗഹൃദങ്ങളും ബന്ധങ്ങളുമില്ല. എഴുത്തുകാരെ ആർക്കും വേണ്ട. അവരുടെ മരണാനന്തരം പിന്നെ ഒട്ടും വേണ്ട. രാഷ്ട്രീയനേതാക്കളും എഴുത്തുകാരുമായി വലിയ വിടവുകൾ ഉണ്ടാകുന്നു. അദ്ദേഹം വീട്ടിലും ഇടതുപക്ഷ രാഷ്ട്രീയം ചർച്ച ചെയ്തു. വീട്ടുകാര്യമല്ലായിരുന്നു മുഖ്യം. മക്കളേക്കാളും ഭാര്യയേക്കാളും സമൂഹത്തെക്കുറിച്ചായിരുന്നു ചിന്ത. അങ്ങനെ ചിന്തിക്കുന്നവരായിരുന്നു അന്ന്. രാവും പകലും എഴുത്തും വായനയും തന്നെ.
രാവിലെ എഴുന്നേൽക്കുമ്പോൾ എഴുത്തിന്റെ ലോകത്താണ്. ചില ലേഖനങ്ങളെല്ലാം എന്നെക്കൊണ്ട് വായിപ്പിക്കും. തെറ്റ് തിരുത്താൻ പറയും. കേരള സാഹിത്യ അക്കാഡമി സെക്രട്ടറിയായപ്പോൾ പിന്നെ തിരക്കേറി. രാത്രി വൈകും വരെ അക്കാഡമിയുടെ പ്രവർത്തനങ്ങളുമായി മുഴുകും. അക്കാഡമിയെ ഇന്നത്തെ അക്കാഡമിയാക്കി മാറ്റുന്നതിന് അദ്ദേഹം വഹിച്ച പങ്ക് പറയാത്തവരില്ല. വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കാതെ വരുമ്പോൾ ഞാൻ പിണങ്ങുമെങ്കിലും അദ്ദേഹം ഒരിക്കലും പിണങ്ങിയില്ല. മക്കളുടെ വിദ്യാഭ്യാസവും ആരോഗ്യവും കാത്തുസൂക്ഷിക്കാൻ ശ്രദ്ധാലുവായിരുന്നു... .""
'പവനപർവം'
ശേഷിക്കുമ്പോൾ
''ഈ ജീവിതകഥയ്ക്ക് പവനപർവം എന്ന പേര് ഉചിതമായിരിക്കുമെന്ന് എനിക്കു തോന്നുന്നു. പണ്ട് കഥയായും കഥയില്ലായ്മയായും ഞാൻ വല്ലതുമൊക്കെ എഴുതുമായിരുന്നു. എഴുതിക്കഴിഞ്ഞാൽ പവനനെ കാണിച്ച് തിരുത്തും."" പാർവതിപവനന്റെ 'പവനപർവം" തുടങ്ങുന്നത് ഇങ്ങനെയാണ്. അദ്ദേഹവുമായുള്ള ജീവിതാനുഭവങ്ങൾ നിരവധി തവണ മാദ്ധ്യമങ്ങളുമായി പങ്കിട്ടിരുന്നു. അങ്ങനെ പലരും നിർബന്ധിച്ചപ്പോഴാണ് 'പവനപർവം" എഴുതുന്നത്. ഈ പുസ്തകം സാഹിത്യ അക്കാഡമി പുരസ്‌കാരവും നേടി. പത്രപ്രവർത്തകനായിരുന്ന സി.പി. രാമചന്ദ്രന്റെ ഇളയ സഹോദരിയാണ് പാർവതി.
സി.പി. രാമചന്ദ്രന്റെ സുഹൃത്തായിരുന്നു പവനൻ. ഒറ്റപ്പാലത്ത് സാഹിത്യപരിഷത്തിൽ പ്രസംഗിക്കാൻ വന്ന പവനൻ വീട്ടിൽ വന്നിരുന്നു. അദ്ദേഹം അന്നുതന്നെ പാർവതിയെ വിവാഹം ചെയ്യാൻ താത്പര്യമുണ്ടെന്ന് പറയുകയും ചെയ്തു. അങ്ങനെയായിരുന്നു വിവാഹത്തിലേക്കുളള വഴി. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ദാമ്പത്യത്തിനൊടുവിൽ, 2006 ജൂൺ 22ന് കുണ്ടുവാറയിലെ 'ദീപ്തി"യിൽ പവനൻ വിടവാങ്ങി. മക്കൾ ഭൗമശാസ്ത്രജ്ഞനായ സി.പി. രാജേന്ദ്രനും പത്രപ്രവർത്തകനായ സി.പി. സുരേന്ദ്രനും എഴുത്തുകാരിയായ സി.പി. ശ്രീരേഖയും.
തലശ്ശേരിക്കടുത്ത്, വയലളത്ത് പുത്തൻവീട്ടിൽ ദേവകിയുടെയും കുട്ടമത്ത് കുന്നിയൂർ കുഞ്ഞിശങ്കരക്കുറുപ്പിന്റെയും മകനായി 1925 ഒക്ടോബർ ആറിന് ജനിച്ച പി.വി. നാരായണൻനായർ എന്ന പവനൻ ബാല്യത്തിലേ കമ്മ്യൂണിസവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. സാമ്പത്തികപ്രയാസം കാരണം പിന്നീട് പട്ടാളത്തിൽ ചേർന്നു. അധികം വൈകാതെ പട്ടാളത്തിൽ നിന്നു പിരിഞ്ഞ് നാട്ടിലെത്തി. എഴുത്തിലേക്കും പത്രപ്രവർത്തനത്തിലേക്കും തിരിഞ്ഞു. വിവാഹത്തിനു ശേഷം അദ്ദേഹം 'പൗരശക്തി" പത്രത്തിൽ ജോലി ചെയ്തു. കവി പി. ഭാസ്‌കരനാണ് പി.വി.നാരായണൻ നായർ എന്ന പേര് പവനൻ എന്നാക്കി മാറ്റിയത്. ദേശാഭിമാനി ലേഖകനായി തിരുവനന്തപുരത്തേക്ക് താമസം മാറി. യുക്തിവാദി കൂട്ടായ്മകളുടെ നേതൃനിരയിൽ സജീവമായി.
1966-ൽ പാർട്ടി പിളർന്നപ്പോൾ സോവിയറ്റ് അനുകൂലികളോടൊപ്പം സി.പി.ഐയിൽ ഉറച്ചുനിന്നു. തുടർന്ന് സാഹിത്യ അക്കാഡമിയുടെ സെക്രട്ടറിയായ ശേഷം തൃശൂരിൽ സ്ഥിരതാമസമാക്കി. നിലപാടുകൾക്കായി കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ കരുത്തോടെ പോരാടി. ഇ.എം.എസിനോടും അഭിപ്രായവ്യത്യാസങ്ങൾ തുറന്നടിച്ചു. നാൽപത്തഞ്ചോളം പുസ്തകങ്ങളും ആയിരക്കണക്കിന് ലേഖനങ്ങളും എഴുതിയ അദ്ദേഹത്തിന് സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ്, പുത്തേഴൻ, വൈലോപ്പിള്ളി, വി.ടി.ഭട്ടതിരിപ്പാട്, മഹാകവി ജി, കുറ്റിപ്പുഴ സ്മാരക അവാർഡുകൾ ലഭിച്ചു. എങ്കിലും അർഹമായ അംഗീകാരങ്ങൾ പലതും അദ്ദേഹത്തിനു നൽകിയില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെ. പവനനെക്കുറിച്ച് പറയുമ്പോൾ ആദ്യവും അവസാനവും പാർവതി പവനൻ പറഞ്ഞതും അതായിരുന്നു.
ആ വാക്കുകളോട് കൂടി പവനപർവത്തിലെ ഒരു ഭാഗം കൂട്ടിച്ചേർക്കട്ടെ: 'മഴയായി പിന്നെയും ഓർമ്മകൾ മനസിൽ നിന്ന് പോകാറില്ല. എന്റെ ഓർമ്മകൾ എവിടെയൊക്കെയോ ചിതറിവീഴുന്നു. ഇതെഴുതുമ്പോഴും മനസിന്റെ ഏതോ ഒരു കോണിൽ തേങ്ങൽ. എന്തിനാണ് തേങ്ങുന്നത്, ആർക്കുവേണ്ടി. എന്തിനുവേണ്ടി? ' തുലാമഴ ഇപ്പോഴും തോരുന്നില്ല. ഒരു തുലാവർഷത്തിൽ പിറന്ന്, കാലവർഷത്തിലെ പെരുമഴയിൽ മണ്ണോടുചേർന്ന കൊടുങ്കാറ്റിനെ വലയം ചെയ്ത ആ ഓർമ്മകളും തോരുന്നില്ല...