പഴയ അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ നോട്ടുകൾ കൈവശമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും

Friday 31 October 2025 1:20 PM IST

ന്യൂഡൽഹി: 2016ൽ നോട്ടുനിരോധന സമയത്ത് പിൻവലിച്ച പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ മാ​റ്റിയെടുക്കാമെന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനായുളള മാർഗനിർദ്ദേശങ്ങൾ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ടെന്ന തരത്തിലുളള വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇപ്പോഴിതാ നോട്ടുകൾ മാറുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പുതിയ വിവരം പുറത്തുവിട്ടിരിക്കുകയാണ്.

വിവരം വ്യാജമാണെന്നാണ് പിഐബി അറിയിച്ചിരിക്കുന്നത്. ആർബിഐ ഇത്തരത്തിൽ ഒരു മാർഗനിർദ്ദേശവും ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടില്ലെന്നാണ് പിഐബി വിശദമാക്കിയിരിക്കുന്നത്. ആധികാരികത മനസിലാക്കിയതിനുശേഷം മാത്രമേ ഇത്തരം വിവരങ്ങൾ മ​റ്റുളളവരിലേക്ക് എത്തിക്കാവൂയെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈ​റ്റിൽ പുതിയമാ​റ്റങ്ങളെക്കുറിച്ചുളള വിവരങ്ങൾ ലഭ്യമാണെന്നും പിഐബി പറയുന്നു. ഇത്തരത്തിലുളള വ്യാജസന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആർബിഐയോ കേന്ദ്ര സർക്കാരിനെയോ അറിയിക്കേണ്ടതാണ്.

കഴിഞ്ഞ ഓഗസ്റ്റിൽ ആർബിഐ ചില നിർണായക തീരുമാനങ്ങളെടുത്തിരുന്നു. പൊതുജനങ്ങളിൽ പുതിയ നൂറിന്റെയും ഇരുന്നൂറിന്റെയും നോട്ടുകൾ കൂടുതൽ ലഭ്യാമാക്കാൻ വേണ്ടിയായിരുന്നു നീക്കം. 2026 മാർച്ച് 31നകം 90 ശതമാനം എടിഎമ്മുകളും 100 അല്ലെങ്കിൽ 200 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ബാങ്കുകളോടും ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്.

അതുപോലെ 2000 രൂപയുടെ നോട്ടുകൾ പൂർണമായി പിൻവലിക്കാൻ 2023 മേയിൽ ആർബിഐ ഉത്തരവിട്ടിരുന്നു. ഇവ സജീവമായി വിതരണം ചെയ്യാനും നിയമപരമായി സാധിക്കില്ല. 2000 രൂപയുടെ നോട്ടുകൾ കൈവശമുള്ളവർക്ക് നിയുക്ത ആർ‌ബി‌ഐ ഇഷ്യൂ ഓഫീസുകളിൽ നിക്ഷേപിക്കാനോ കൈമാറ്റം ചെയ്യാനോ കഴിയും. ഈ നോട്ടുകൾ ഇപ്പോഴും കൈവശം വച്ചിരിക്കുന്ന പൗരന്മാർ നിലവിലെ നടപടിക്രമങ്ങളെക്കുറിച്ചറിയാൻ അടുത്തുള്ള ആർ‌ബി‌ഐ റീജിയണൽ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.