'രാജ്യത്തെ നക്‌സലൈറ്റുകളിൽ നിന്ന് മോചിപ്പിച്ചത് ബിജെപി സർക്കാർ'; പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: 2014ന് മുൻപ് രാജ്യത്തിന്റെ പലഭാഗങ്ങളിലും നക്‌സലൈറ്റുകൾ ഭരണം നടത്തിയിരുന്നെന്നും രാജ്യത്തെ അവരിൽ നിന്ന് മോചിപ്പിച്ചത് ബിജെപി സർക്കാരെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സർദാർ വല്ലഭ് ഭായി പട്ടേലിന്റെ 150-ാം ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ സ്‌റ്റാച്ച്യു ഓഫ് ലിബേർട്ടിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'2014ന് മുൻപ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും നക്‌സലൈറ്റുകൾ ഭരണം നടത്തിയിരുന്നു. സ്കൂളുകൾ, ആശുപത്രികൾ, കോളേജുകൾ തുടങ്ങിയവയെല്ലാം അവർ ബോംബിട്ട് തകർത്തു. അധികാരികൾ നിസഹായരായാണ് പ്രവർത്തിച്ചത്. എന്നാൽ, ഞങ്ങൾ നഗരത്തിലെ നക്‌സലൈറ്റുകൾക്കെതിരെ പ്രവർത്തിച്ചു. ഇന്ന് അതിന്റെ ഫലങ്ങൾ ദൃശ്യമാണ്. മുമ്പ് 125 ജില്ലകളിൽ നക്‌സലൈറ്റുകൾ പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് 11 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ, നക്സൽ ആധിപത്യം മൂന്നെണ്ണത്തിൽ ഒതുങ്ങി," അദ്ദേഹം പറഞ്ഞു.
നുഴഞ്ഞുകയറ്റം ഇന്ത്യയുടെ ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നൽകി.'വോട്ട് ബാങ്കുകൾക്ക് വേണ്ടി, മുൻ സർക്കാരുകൾ ദേശീയ സുരക്ഷയെ അപകടത്തിലാക്കി. നുഴഞ്ഞുകയറ്റക്കാർക്കായി പോരാടുന്നവർക്ക് രാഷ്ട്രം ദുർബലമായാലും പ്രശ്‌നമില്ല. എന്നാൽ രാജ്യത്തിന്റെ സുരക്ഷയും സ്വത്വവും അപകടത്തിലാണെങ്കിൽ, ഓരോ പൗരനും അപകടത്തിലാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു.
ശത്രുക്കൾക്ക് അധീനതയുള്ള പ്രദേശത്ത് കയറി ആക്രമണം നടത്താൻ ഇന്ത്യൻ സൈന്യത്തിന് കഴിയുമെന്ന സന്ദേശം നൽകാൻ ഓപ്പറേഷൻ സിന്ദൂറിന് കഴിഞ്ഞെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശത്രുക്കളോടുള്ള ഇന്ത്യയുടെ പ്രതികരണത്തിന്റെ ശക്തി ലോകത്തിന് ഇന്നറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇന്ത്യയുടെ നേർക്ക് ശത്രുവിന്റെ ദൃഷ്‌ടി പതിഞ്ഞാൽ നമ്മൾ ശക്തമായി തിരിച്ചടിക്കുമെന്ന് ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ലോകത്തിന് മനസിലായതാണ്. ഇന്ന് പാകിസ്ഥാനിലെ തീവ്രവാദ സംഘങ്ങൾക്ക് ഇന്ത്യൻ സൈന്യത്തിന്റെ യഥാർത്ഥ ശക്തി എന്തെന്ന് നന്നായി അറിയാം'- പ്രധാനമന്ത്രി പറഞ്ഞു. രാജ്യസുരക്ഷയ്‌ക്ക് വേണ്ടിയുള്ള സർക്കാർ നിലപാടുകളെ സർദാർ വല്ലഭ് ഭായി പട്ടേലിന്റെ ആത്മാഭിമാനവും ഐക്യവുമുള്ള ഇന്ത്യ എന്ന ദർശനങ്ങളോട് ബന്ധപ്പെടുത്തിയാണ് മോദി സംസാരിച്ചത്.
ദേശീയ ഐക്യ ദിവസത്തിന്റെ വേദിയിൽ അദ്ദേഹം കോൺഗ്രസിനെതിരെയും ശക്തമായ ആക്രമണങ്ങൾ നടത്തി. കോൺഗ്രസ്, പട്ടേലിന്റെ ദർശനങ്ങൾ മറക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പുറത്തു നിന്നുള്ള വെല്ലുവിളികൾ നേരിടുന്നതിന് മാത്രമല്ല, നക്‌സലിസം, നുഴഞ്ഞുകയറ്റം തുടങ്ങി ആഭ്യന്തര വെല്ലുവിളികൾ നേരിടുന്നതിനും പട്ടേലിന്റെ ദർശനങ്ങൾ സർക്കാരിന് വഴികാട്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.