'ഈ രണ്ട് കുട്ടികളെയും എന്റെ കൈകളിൽ കൊണ്ടു നടന്നതാണ് ഞാൻ'; മോഹൻലാലിന്റെ മകൾക്ക് ആശംസയുമായി പ്രിയദർശൻ

Friday 31 October 2025 3:06 PM IST

മലയാള സിനിമയുടെ മുൻ നിരയിൽ ഇടംപിടിക്കുകയും പിൻനിരയിലേക്ക് മാഞ്ഞു പോവുകയും ചെയ്‌ത ഒട്ടനവധി താരപുത്രന്മാരും പുത്രിമാരും മലയാള സിനിമയുണ്ട്. പല താരങ്ങളുടെയും മക്കൾ മലയാളസിനിമയിലേക്ക് കടന്നു വരണമെന്ന് പ്രേക്ഷകർ ആഗ്രഹിക്കാറുണ്ട്. അക്കൂട്ടത്തിലേക്കാണിപ്പോൾ മലയാളത്തിന്റ മഹാനടനായ മോഹൻലാലിന്റെ മകൾ വിസ്‌മയയും കടന്നുവരുന്നത്.

ഇപ്പോഴിതാ, തുടക്കം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന വിസ്‌‌മയ മോഹൻ ലാലിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. തന്റെ മകൾ കല്യാണിയെയും വിസ്‌മയയെയും ഇരു കൈകളിലായി കൊണ്ടുനടന്ന കാലത്തെ ഓർമ്മകൾ അദ്ദേഹം പങ്കുവച്ചു. രണ്ടു പേരും സിനിമയിലേക്ക് എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കുറിച്ചു.

'ഈ രണ്ട് കുട്ടികളെയും എന്റെ കൈകളിൽ കൊണ്ടു നടന്നതാണ് ഞാൻ. എന്റെ ഒരു കൈയിൽ കല്യാണിയും മറുകൈയിൽ മായയും...അങ്ങനെയാണ് ഞങ്ങൾ ഒരു കുടുംബമായി വളർന്നത്. ലാൽ പറഞ്ഞതുപോലെ ഇവർ രണ്ടു പേരും സിനിമയിലേക്ക് ചുവടു വയ‌്‌ക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. കല്യാണിക്ക് ലോക ലഭിച്ചതുപോലെ മായയുടെ 'തുടക്കം' മനോഹരമായ തുടക്കം ആകട്ടെ. മായയെ ദൈവം അനുഗ്രഹിക്കട്ടെ'

ജൂഡ് ആന്റണി ജോസ് ആണ് വിസ്‌മയയുടെ അരങ്ങേറ്റ ചിത്രമായ 'തുടക്കം' സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസത്തെ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾക്കിടയിൽ ഇത് സാധാരണ ഒരു കുടുംബ ചിത്രം ആയിരിക്കുമെന്ന് ജൂഡ് ആന്റണി പറഞ്ഞിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ അതിഥി വേഷം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.