"ആർഎസ്‌എസിനെ നിരോധിക്കണം", സർദാർ വല്ലഭ് ഭായി പട്ടേൽ രാജ്യത്തെ ഒന്നിപ്പിച്ചെന്ന് ഖാർഗെ; മറുപടിയുമായി ബിജെപി
ന്യൂഡൽഹി:ആർഎസ്‌എസിനെ നിരോധിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സർദാർ വല്ലഭ് ഭായി പട്ടേൽ പോലും സർക്കാർ ജീവനക്കാർ ആർഎസ്എസിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് വിലക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് പരിപാടിയിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് 2024ൽ ബിജെപി സർക്കാർ പിൻവലിച്ചെന്നും അത് പുനഃസ്ഥാപിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
'സർക്കാർ സർവീസിലിരിക്കുമ്പോൾ ആർഎസ്എസിനു വേണ്ടി പ്രവർത്തിക്കരുതെന്നും സർദാർ വല്ലഭ് ഭായി പട്ടേൽ പറഞ്ഞിരുന്നു. ആർഎസ്എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സർക്കാർ ജീവനക്കാരെ അദ്ദേഹം വിലക്കിയിരുന്നു. 2024 ജൂലായ് ഒമ്പതിന് മോദി സർക്കാർ ആ വിലക്ക് പിൻവലിച്ചു. വിലക്ക് പുനഃസ്ഥാപിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.സർദാർ പട്ടേൽ രാജ്യത്തെ ഒന്നിപ്പിച്ചു. സർദാർ പട്ടേലിന്റെ സംഭാവനകൾ വളരെ വലുതാണെന്ന് ജവഹർലാൽ നെഹ്റു വിശ്വസിച്ചു.ആർഎസ്എസിനെ നിരോധിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.'- അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ മല്ലികാർജ്ജുൻ ഖാർഗെയുടെ പരാമർശങ്ങളെ പ്രതിരോധിച്ചുകൊണ്ട് ബിജെപി രംഗത്തെത്തി. കോൺഗ്രസ് 50 വർഷത്തിലേറെയായി പട്ടേലിനെ അവഗണിക്കുകയും അദ്ദേഹത്തിന്റെ സംഭാവനകളെ കുറച്ചുകാണുകയും ചെയ്തുവെന്ന് ബിജെപി ആരോപിച്ചു. പട്ടേലിന്റെ പാത അവർ ഒരിക്കലും പിന്തുടർന്നില്ല, ഇപ്പോൾ ആർഎസ്എസിനെ എതിർക്കാൻ പട്ടേലിന്റെ പേര് ഉപയോഗിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു. ഐഎൻസി എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അല്ലെന്നും അത് ഇന്ത്യൻ നാസി കോൺഗ്രസിനെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.