'ഒരു  രാഷ്ട്രം  ഒരു  പൊലീസ്  യൂണിഫോം'; സംസ്ഥാനങ്ങളോട് നിർദ്ദേശം തേടി കേന്ദ്രം

Friday 31 October 2025 5:55 PM IST

ന്യൂഡൽഹി: 'ഒരു രാഷ്ട്രം ഒരു പൊലീസ് യൂണിഫോം' പദ്ധതിയുടെ ഭാഗമായി സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം തേടി. നവംബർ നാലിനകം വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒ‌‌ഡിഷ, പശ്ചിമബംഗാൾ ഉൾപ്പെടെ 17 സംസ്ഥാനങ്ങളോടാണ് കേന്ദ്രം നിർദ്ദേശങ്ങൾ ആവശ്യപ്പെട്ടത്.

കൂടാതെ പൊലീസ് യൂണിഫോമുകളുടെ ഗുണനിലവാരം, രൂപകല്പന, വില എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും കേന്ദ്രം അന്വേഷിച്ചു. വാർഷിക യൂണിഫോം അലവൻസ്, റാങ്ക് തിരിച്ചുള്ള തുക, ഒരു ജോഡി യൂണിഫോമിന്റെ ഏകദേശവില എന്നിവയുടെ വിശദാംശങ്ങളും കേന്ദ്രം തിരക്കിയിട്ടുണ്ട്. എല്ലാവർക്കും ഒരേ യൂണിഫോം തയ്യാറാക്കേണ്ടത് ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് (BPR&D) ആണ്. തുണി, നിറം, ചിഹ്നം, ചെലവ് എന്നിവയെക്കുറിച്ച് ബി പി ആർ ആൻഡ്‌ ഡി പഠിക്കും.

2022ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പൊതു പൊലീസ് യൂണിഫോം എന്ന ആശയം മുന്നോട്ടുവച്ചത്. 'ഒരു രാജ്യം, ഒരു റേഷൻ കാർഡ്', ഒരു രാജ്യം, ഒരു മൊബിലിറ്റി കാർഡ്, 'ഒരു രാജ്യം, ഒരു ഗ്രിഡ്', 'ഒരു രാജ്യം, ഒരു ആംഗ്യ ഭാഷ' തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്ന് രാജ്യത്തുണ്ട്. ഇതുപോലെ എല്ലാ സംസ്ഥാനങ്ങളും 'ഒരു രാജ്യം, ഒരു പൊലീസ് യൂണിഫോം' എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കണം' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.