രണ്ടുപേരിൽ നിന്നും നാൽപത് ലക്ഷം രൂപ തട്ടി, ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റിൽ

Friday 31 October 2025 5:57 PM IST

കൊച്ചി:ഡയറക്‌ടറായ കമ്പനിയിൽ ലാഭവിഹിതവും ഓഹരിപങ്കാളിത്തവും നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് രണ്ട് പേരിൽ നിന്നും 40 ലക്ഷം രൂപ തട്ടിയ ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റിൽ. കൊച്ചി സൗത്ത് പൊലീസ് ചെന്നൈയിലെത്തി ഷർഷാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിക്ഷേപതട്ടിപ്പിനാണ് വ്യവസായിയെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്.

കൊച്ചി ‌സ്വദേശികളാണ് പരാതി നൽകിയത്. ഷർഷാദിന് ഒപ്പം കമ്പനി സിഇഒയായ തമിഴ്‌നാട് സ്വദേശിയും കേസിലെ പ്രതിയാണ്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മകനും എതിരെ ഗുരുതര സാമ്പത്തിക ആരോപണം ഉന്നയിച്ചയാളാണ് മുഹമ്മദ് ഷെർഷാദ്. യുകെയിലെ മലയാളി വ്യവസായി രാജേഷ് കൃഷ്‌ണയും സിപിഎമ്മിലെ ഉന്നതരായ നേതാക്കളും അനധികൃതമായി ഇടപാടുകൾ നടത്തി എന്ന് ഷർഷാദ് സിപിഎം പൊളിറ്റ്‌ബ്യൂറോക്ക് കത്ത് നൽകിയിരുന്നു, രാജേഷ് കൃഷ്‌ണ സിപിഎം നേതാക്കളുടെ ബിനാമിയാണെന്നും ആരോപിച്ചു. തുടർന്ന് എം വി ഗോവിന്ദൻ, ടി എം തോമസ് ഐസക്ക് തുടങ്ങി മുതിർന്ന നേതാക്കൾ ഇയാൾക്കെതിരെ വക്കീൽ നോട്ടീസയച്ചിരുന്നു.