പരീക്ഷണ ശാല
ശാസ്ത്രക്കിരീടം വിട്ടുകൊടുക്കാതെ കുറവിലങ്ങാട്
കുറവിലങ്ങാട് : ശാസ്ത്രലോകത്തെ വിസ്മയക്കാഴ്ചകൾക്ക് ആവേശ സമാപനം. 1350 പോയിന്റ് നേടി ആതിഥേയരായ കുറവിലങ്ങാട് ഉപജില്ല കിരീടം നിലനിറുത്തി. 1223 പോയിന്റുമായി ചങ്ങനാശേരി ഉപജില്ലയാണ് രണ്ടാമാത്. ഏറ്റുമാനൂർ 1152 പോയിന്റോടെ മൂന്നാമതെത്തി. സ്‌കൂൾതലത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ 454 പോയിന്റുമായി ഓവറാൾ കിരീടംചൂടി. നസ്രത്ത്ഹിൽ ഡിപോൾ എച്ച്.എസ്.എസ് 291 പോയിന്റുമായി രണ്ടാമതും, പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്.എസ്.എസ് 271 പോയിന്റുമായി മൂന്നാമതും എത്തി. ജോസ് കെ.മാണി എം.പി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം പി.എം.മാത്യു അദ്ധ്യക്ഷത വഹിച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ മുഖ്യപ്രഭാഷണം നടത്തി.
വെള്ളം ലഭിക്കും ഓട്ടോ എയ്‌റോ ഇറിഗേറ്റ് സിസ്റ്റത്തിലൂടെ
കുറവിലങ്ങാട് : മഴയ്ക്ക് ഇനി കാത്തുനിൽക്കേണ്ട, ഓട്ടോ എയ്‌റോ ഇറിഗേറ്റ് സിസ്റ്റത്തിലൂടെ വെള്ളം ലഭിക്കും. അന്തരീക്ഷ ഊഷ്മാവിൽ നിന്ന് ജലം ശേഖരിച്ച് കുടിക്കുന്നതിനും ചെടികൾക്കും വെള്ളം ആവശ്യത്തിന് ലഭ്യമാക്കുന്ന രീതിയാണിത്. പാറമ്പുഴ ഹോളിഫാമിലി എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ആദീപ് ജയപ്രകാശ്, ജോയൽ ലിജോ എന്നിവരാണ് കണ്ടുപിടിത്തതിന് പിന്നിൽ. അന്തരീക്ഷ ഊഷ്മാവിൽ നിന്ന് വലിച്ചെടുക്കുന്ന ജലം താത്കാലിക ടാങ്കിൽ സ്റ്റോറേജ് ചെയ്യും. ഇവിടെ നിന്ന് പൈപ്പ് കണക്ഷൻ ശുദ്ധീകരിച്ചശേഷം, പ്രധാന ടാങ്കിലേക്ക് എത്തും. ഇങ്ങനെ എത്തുന്ന വെള്ളം കുടിയ്ക്കുന്നതിനായി വീണ്ടും ശുദ്ധീകരിക്കാം. മൈൻ, ഐലൻഡ്, ഡെസേർട്ട് എന്നിവിടങ്ങളിൽ കൂടുതലായി ഇതിന്റെ സാദ്ധ്യത ഉപയോഗിക്കാം.
തീയെ ഭയക്കേണ്ട, എ.ഐ ഫയർ ഡിറ്റക്ടറുണ്ട്
എ.ഐ ഫയർ ഡിറ്റക്ടറുമായി അതിരമ്പുഴ സെന്റ് മേരീസ് ജി.എച്ച്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ മിത്ര അഖിലും, എസ്.അവന്തികയും. തീപിടിത്തം ഉണ്ടാകുമ്പോൾ കെട്ടിടത്തിൽ സ്ഥാപിച്ചിരിക്കുന്ന എ.ഐ ക്യാമറയിൽ ഡിറ്റക്ട് ചെയ്യുകയും അലാറം മുഴങ്ങുകയും ചെയ്യും. ഫോണുകളിലേക്കും സന്ദേശം ലഭിക്കും. സന്ദേശത്തിൽ ലൊക്കേഷൻ, തീപിടിത്തതിന്റെ തീവ്രത എന്നിവ അറിയാനാകും. ഫയർഫോഴ്‌സ് സ്‌റ്റേഷനുകളിലേക്കും സന്ദേശം എത്തിക്കാനാകും. വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്നവർ, അക്രമസംഭവങ്ങൾ, മോഷണം തുടങ്ങിയ പ്രശ്‌നങ്ങളിലും ഉപയോഗിക്കാൻ സാധിക്കും.
ആളില്ലാ റെയിൽവേക്രോസിലെ അപകടം ഒഴിവാക്കാം ആളില്ലാ റെയിൽവേ ക്രോസിലെ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഓർഡിനോ യുനോ കോഡിംഗ് സിസ്റ്റത്തിലൂടെ ഓട്ടോമാറ്റിക് റെയിൽവേ ഗേറ്റ് സംവിധാനം. മാനത്തൂർ സെന്റ് ജോസഫ് എച്ച്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പാർവതി രാജേഷ്, പത്താംക്ലാസ് വിദ്യാർത്ഥിനി ഏയ്ഞ്ചലാ സിബി എന്നിവരാണ് ഇതിന് പിന്നിൽ. സെൻസർ സിസ്റ്റത്തിലൂടെയാണ് പ്രവർത്തനം. റെയിൽവേ ഗേറ്റിൽ ട്രെയിൻ എത്തുന്നതിന് മൂന്നര കിലോമീറ്റർ മുൻപേ ഇൻഫർമേഷൻ ലഭിക്കും. ട്രെയിൻ വരുന്ന വിവരം ലഭിക്കുന്നതിന് അനുസരിച്ച് ഗേറ്റ് തുറക്കുകയും അടയുകയും ചെയ്യും.
വന്യമൃഗശല്യം തടയാൻ എൽ.ഫെൻസ് ഡിറ്റക്ടർ
വന്യമൃഗശല്യത്തിന് പരിഹാരമായി എൽ.ഫെൻസ് ഡിറ്റക്ടൽ. മുട്ടുചിറ സെന്റ് ആഗ്നസ് എച്ച്.എസിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനികളായ ഇവാ മരിയ ഷാജി, ജാനറ്റ് ജെയ്‌സൺ എന്നിവരാണ് സാങ്കേതിക വിദ്യയുടെ പിന്നിൽ. വന്യമൃഗങ്ങളെ സെൻസറിലൂടെ തിരിച്ചറിഞ്ഞ് ശബ്ദത്തിന്റെ സഹായത്തോടെ ഇവയെ കൃഷി സ്ഥലത്ത് നിന്ന് അകറ്റി കാർഷിക വിളകളെ സംരക്ഷിക്കും. മനുഷ്യ ജീവനും, കൃഷിയിടവും സുരക്ഷിതമാക്കാൻ സാധിക്കും. പരിസ്ഥിതി സൗഹാർദ്ദവും കുറഞ്ഞ ചെലവിലും സംവിധാനം സ്ഥാപിക്കാനാകും. സെൻസർ, ലേസർ എന്നിവയുടെ സഹായത്തോടെയാണ് പ്രവർത്തനം. വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ എത്തുമ്പോൾ അലാം മുഴങ്ങുന്നത് കേട്ട് ഇവ പിന്നോട്ട് പോകും.