കടമയാണ്,​ ഈ കരുതൽ

Saturday 01 November 2025 2:29 AM IST

നവകേരള സൃഷ്ടിയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് സാധാരണക്കാരുടെയും തൊഴിലാളി വിഭാഗങ്ങളുടെയും സംരക്ഷണം. അതിന്റെ തുടർപരിപാടികളാണ് കഴിഞ്ഞദിവസം മന്ത്രിസഭായോഗം അംഗീകരിച്ചത്. ക്ഷേമ പെൻഷൻ 2000 രൂപയായി വർദ്ധിപ്പിച്ചിരിക്കുകയാണ്. വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ പെൻഷൻ, തൊഴിലന്വേഷിക്കുന്ന യുവാക്കൾക്ക് പ്രതിമാസം 1000 രൂപ സ്‌കോളർഷിപ്പ്, ആശ, അങ്കണവാടി, പ്രീപ്രൈമറി, സ്‌കൂൾ പാചക തൊഴിലാളികൾ, സാക്ഷരതാ പ്രേരക്മാർ, ഗസ്റ്റ് ലക്ചറർമാർ എന്നിവർക്കുള്ള വേതന വർദ്ധനവിനു പുറമേ,​ കുടുംബശ്രീ എ.ഡി.എസുകൾക്കുള്ള പ്രവർത്തന ഗ്രാന്റ് വർദ്ധിപ്പിച്ചു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡി.എ/ ഡി.ആർ കൂടി അനുവദിച്ചു. പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ മൂന്നും നാലും ഗഡുക്കൾ അനുവദിക്കാനും തീരുമാനിച്ചു.

റബറിന്റെ താങ്ങുവില 200 രൂപയായും,​ നെല്ലിന്റെ താങ്ങുവില 30 രൂപയായും ഉയർത്തിയതും ഇതിന്റെ ഭാഗമാണ്. കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങൾക്ക് കൊടുക്കാനുള്ള ആയിരം കോടിയോളം രൂപയുടെ കുടിശ്ശികകൾ കൊടുത്തുതീർക്കാനുള്ള പ്രവർത്തന പദ്ധതിയും പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാരുടെ ക്ഷേമനിധി പെൻഷൻ കുടിശ്ശിക, പട്ടിക വിഭാഗ, മത്സ്യത്തൊഴിലാളി വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പുകൾ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള തണൽ പദ്ധതി, ഖാദി തൊഴിലാളികളുടെ പൂരകവരുമാന പദ്ധതി, വിവിധ വിഭാഗങ്ങളിലെ മിശ്രവിവാഹിതർക്കുള്ള ധനസഹായങ്ങൾ, മലബാർ ദേവസ്വത്തിനു കീഴിലുള്ള ആചാര്യസ്ഥാനീയർ,​ കോലധാരികൾ തുടങ്ങിയവർക്കുള്ള ധനസഹായം എന്നിവയെല്ലാം സമയബന്ധിതമായിത്തന്നെ തീർക്കുകയാണ്.

ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ആരോഗ്യകിരണം, ശ്രുതിതരംഗം പദ്ധതികൾക്കുള്ള തുകകളും പൂർണമായി നൽകുന്നു. മരുന്നു വിതരണം, വിലക്കയറ്റവിരുദ്ധ നടപടികൾ, നെല്ല് സംഭരണം, റേഷൻ വിതരണം, മരാമത്ത് പ്രവൃത്തികൾ തുടങ്ങിയവയ്‌ക്കെല്ലാം ധനസഹായം ഉറപ്പാക്കി. ആയിരം കോടി രൂപ അടങ്കലിൽ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പുരോഗമിക്കുന്നു. ഒരുമാസത്തിനുള്ളിൽത്തന്നെ 4200-ലധികം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണവും നവീകരണവും പൂർത്തീകരിക്കും. അവശ ജനവിഭാഗങ്ങൾക്ക് സഹായകമായ വയോമിത്രം, സ്‌നേഹപൂർവം, ആശ്വാസകിരണം, സ്‌നേഹസ്പർശം, മിഠായി തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികൾക്കുള്ള ധനസഹായങ്ങളും സമയബന്ധിതമായി തീർക്കുകയാണ്.

പ്രവാസികൾ, ഖാദി തൊഴിലാളികൾ, കരകൗശല തൊഴിലാളികൾ ഈറ്റ, മുള തൊഴിലാളികൾ മരംകയറുന്നവർ, തോട്ടം തൊഴിലാളികൾ, വൃദ്ധസദനത്തിലെ കൗൺസലർമാർ തുടങ്ങിയവർക്കുള്ള ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു. പരമ്പരാഗത തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സുരഭി, ഹാൻവീവ്, ഹാൻടെക്സ് തുടങ്ങിയ സ്ഥാപനങ്ങൾക്കാവശ്യമായ സാമ്പത്തിക പിന്തുണയും ഉറപ്പാക്കുകയാണ്. ഇതൊക്കെയാണ് ഈ സർക്കാരിന്റെ മുൻഗണനകൾ.

തലമുറകൾക്ക്

തണലാകും

കേരളത്തിലെ ഒരു സാധാരണ കുടുംബത്തിലെ മൂന്ന് തലമുറയിൽപ്പെട്ട ആളുകളിലേക്കും സർക്കാരിന്റെ ക്ഷേമം നേരിട്ടെത്തുകയാണ്. മുത്തച്ഛനും മുത്തശ്ശിയ്ക്കും 2000 രൂപ ക്ഷേമ പെൻഷൻ, അമ്മയ്ക്ക് 1000 രൂപ സ്ത്രീ സുരക്ഷാ പെൻഷൻ, മക്കൾക്ക് 1000 രൂപ വീതം സ്‌കോളർഷിപ് സഹായം ഉൾപ്പെടെ ആറായിരമോ ഏഴായിരമോ രൂപവരെ ഒരു വീട്ടിലേക്ക് എത്തുകയാണ്. ഇതിനു പുറമേയാണ് സർക്കാരിന്റെ വിപുലമായ വിപണി ഇടപെടലിന്റെ ഭാഗമായ വിലക്കുറവിന്റെ നേട്ടവും കുടുംബ ബഡ്ജറ്റിലേക്ക് എത്തുന്നത്. ഇത്രയും വിപുലവും ബൃഹത്തുമായ ക്ഷേമ പ്രവർത്തനങ്ങൾ മറ്റൊരു സംസ്ഥാനത്തുമില്ല.

ഏതാണ്ട് 62 ലക്ഷത്തോളം ആളുകൾക്ക് പ്രതിമാസം 2000 രൂപ വീതം ക്ഷേമ പെൻഷൻ നൽകുന്നതിനായി പ്രതിവർഷം വേണ്ടിവരുന്നത് 13,000 കോടിയോളം രൂപയാണ്. രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോഴേക്കും അഞ്ചുവർഷംകൊണ്ട് ജനങ്ങൾക്ക് നൽകിയ പെൻഷൻ തുക 50,000 കോടി രൂപ കടക്കും. പുതിയ ക്ഷേമ പ്രഖ്യാപനങ്ങൾ പൂർത്തീകരിക്കാൻ മാത്രം ഈ വർഷം അധികം വേണ്ടിവരുന്നത് പതിനായിരം കോടി രൂപയാണ്. സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിക്ക് 3800 കോടി രൂപയും,​ സാമൂഹ്യ സുരക്ഷാ പെൻഷൻ വർദ്ധനയ്ക്ക് 2800 കോടി രൂപയും,​ യുവതലമുറയ്ക്ക് 'കണക്ട് ടു വർക്ക്" സ്‌കോളർഷിപ്പിന് 600 കോടി രൂപയും ഉൾപ്പെടെയാണിത്.

ഈ ചെലവുകൾ നിർവഹിക്കാനുള്ള പണം സർക്കാർ എങ്ങനെ കണ്ടെത്തുമെന്നാണ് പ്രതിപക്ഷം ഉൾപ്പെടെയുള്ള ചിലരുടെയും ചില മാദ്ധ്യമങ്ങളുടെയും സംശയം! എല്ലാവരോടും ഒന്നുമാത്രമേ പറയാനുള്ളൂ. ചെയ്യാൻ കഴിയുന്നതു മാത്രമേ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പറയാറുള്ളൂ; പറയുന്നതെല്ലാം ചെയ്യുകയും ചെയ്യും. ഇടക്കാല ബഡ്ജറ്റിലല്ല ഇപ്പോഴത്തെ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുള്ളത്. ഒരു സാമ്പത്തിക വർഷത്തിന്റെ പകുതിയോളം കാലം ശേഷിക്കെ ഇക്കാലയളവിനുള്ളിൽ നടപ്പിലാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള പദ്ധതികളാണ് പറഞ്ഞിട്ടുള്ളത്.

ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് ഇടതു മുന്നണിയുടെ പ്രകടനപത്രികയുടെ പ്രോഗ്രസ് റിപ്പോർട്ട് ഓരോ വർഷവും അഭിമാനപൂർവം ജനങ്ങൾക്കു മുന്നിൽ സമർപ്പിച്ചിരുന്നു. സർക്കാർ പറഞ്ഞ കാര്യങ്ങളുടെ പുരോഗതി സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ജനങ്ങളെ അറിയിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. വികസനവും ക്ഷേമവുമാണ് ഈ സർക്കാരിന്റെ ഒന്നാമത്തെയും പ്രധാനപ്പെട്ടതുമായ മുൻഗണന. ഇടതുസർക്കാർ പാവങ്ങളുടെ സർക്കാരാണ്. ആ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും വലിയ ബദലാണ് കേരളത്തിലെ വിപുലമായ ക്ഷേമപ്രവർത്തനങ്ങൾ.

കേന്ദ്രത്തിന്റെ

കടുംവെട്ട്

അഞ്ചുലക്ഷം പാവപ്പെട്ട മനുഷ്യർക്ക് വീടുകൾ വച്ചുനൽകിയും, 42 ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകിയും നാം മുന്നോട്ടു പോകുന്നു. കേരളത്തിലെ 64,006 അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യാവസ്ഥയിൽനിന്ന് മോചിപ്പിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ നടത്തുകയാണ്. ഒരുവശത്ത് വികസന- ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങാതെ കൊണ്ടുപോകുമ്പോഴും,​ മറുവശത്ത് കേന്ദ്രം ഉപരോധസമാനമായ നടപടികൾ സ്വീകരിക്കുകയായിരുന്നു. സംസ്ഥാനത്തിന് ലഭിക്കേണ്ട ന്യായമായ നികുതി വിഹിതത്തിലും അർഹമായ കടമെടുപ്പു പരിധിയിലും കേന്ദ്രം വെട്ടിക്കുറവ് വരുത്തി. ഇതിലൂടെ ഓരോ വർഷവും കേരളത്തിന് ലഭിക്കേണ്ട 50,000 കോടിരൂപയെങ്കിലും നിഷേധിക്കപ്പെട്ടു. ഇതിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും സമരം ചെയ്തു. സുപ്രീം കോടതിയിൽ കേരള സർക്കാർ കേന്ദ്ര നിലപാടുകൾക്കെതിരെ കേസു നൽകുകയുമുണ്ടായി.

സംസ്ഥാനത്തിന്റെ തനതുവരുമാനം അ‍ഞ്ചു വർഷം കൊണ്ട് 47,000 കോടിയിൽ നിന്ന് ഒരുലക്ഷം കോടിയിലേക്ക് വളരുകയാണ്. സംസ്ഥാനത്തിന്റെ ബഡ്ജറ്റ് വലുപ്പമാകട്ടെ രണ്ട് ട്രില്യണായി വളർന്നിരിക്കുന്നു. സംസ്ഥാനത്തിന്റെ പ്രതിവർഷ ശരാശരി ചെലവ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1.17 ലക്ഷംകോടി രൂപയായിരുന്നെങ്കിൽ,​ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അത് 1.65 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. വികസന പദ്ധതികൾ തുടർച്ചയോടെ മുന്നോട്ടു കൊണ്ടുപോകാനും സമഗ്രമായ കാഴ്ചപ്പാടോടെ അത് പൂർത്തീകരിക്കാനും കഴിഞ്ഞത് ഭരണത്തുടർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു. കൂടുതൽ മികവോടെയും കരുത്തോടെയും കേരളത്തിന് മുന്നോട്ടു കുതിക്കേണ്ടതുണ്ട്. സർക്കാർ നടപ്പിലാക്കുന്നതും ആവിഷ്‌കരിച്ചതുമായ പദ്ധതികളുടെ പൂർത്തീകരണവും തുടർ പ്രവർത്തനങ്ങളും ഭാവികേരളത്തിന് ഏറ്റവും പ്രധാനമാണ്. അതുകൊണ്ടുതന്നെ,​ ഇടതു മുന്നണിയുടെ വികസന,​ ക്ഷേമ പ്രവർത്തനങ്ങളും കരുതലും തുടരുകതന്നെ ചെയ്യും.