ഓപ്പറേഷൻ സൈ ഹണ്ട്

Saturday 01 November 2025 2:34 AM IST

സൈബർ തട്ടിപ്പ് തടയുന്നതിനായി പൊലീസിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി ഒറ്റദിവസം നടത്തിയ ഓപ്പറേഷൻ 'സൈ ഹണ്ടി"ൽ 263 പേരാണ് അറസ്റ്റിലായത്. സൈബർ തട്ടിപ്പ് സംഘങ്ങൾ സംസ്ഥാനത്ത് എത്രയോ വിപുലമായി പ്രവർത്തിച്ചുവരുന്നു എന്നത് വ്യക്തമാക്കുന്നതു കൂടിയായിരുന്നു പൊലീസിന്റെ ഈ നീക്കം. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറുന്നതിനായി വാടകയ്ക്ക് അക്കൗണ്ടുകൾ നൽകിയവരാണ് അറസ്റ്റിലായവരെല്ലാം. പരൽമീനുകളാണ് കുടുങ്ങിയതെന്നും സ്രാവുകൾ ഇപ്പോഴും നിയമവലയ്ക്ക് പുറത്താണെന്നുമാണ് ഇതിന്റെ അർത്ഥം. എന്നിരുന്നാലും അറസ്റ്റിലായവരിൽ നിന്ന് പ്രധാന കണ്ണികളിലേക്ക് അന്വേഷണത്തിലൂടെ ചെന്നെത്താനാകുമെന്നത് വലിയൊരു സാദ്ധ്യത തന്നെയാണ്.

സൈബർ തട്ടിപ്പുകൾക്കു വേണ്ടി പത്തുശതമാനം വരെ കമ്മിഷൻ വാങ്ങി സംസ്ഥാനത്ത് പലരും ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നതായി നേരത്തേ തന്നെ വാർത്തകൾ വന്നിരുന്നതാണ്. സ്വർണം കടത്തിക്കൊണ്ടുവരുന്ന ഇടനിലക്കാരുടേതിന് സമാനമായ റോളാണ് ഇവരുടേത്. സ്വർണം അയച്ചവരും അത് ആത്യന്തികമായി കൈപ്പറ്റുന്നവരും ഇടനിലക്കാർ പിടിയിലാവുമ്പോഴും കാണാമറയത്തായിരിക്കും. ഇങ്ങനെയുള്ളവരിൽ ഒരു ശതമാനത്തിലേക്കു പോലും പല കാരണങ്ങളാൽ അന്വേഷണം നീളാറില്ല. അത്തരമൊരു ദുരവസ്ഥ സൈബർ തട്ടിപ്പിന്റെ കാര്യത്തിൽ ഉണ്ടാകാതിരിക്കാൻ വേണ്ടിയുള്ള തുടരന്വേഷണവും നടപടികളും വർദ്ധിത ഊർജ്ജത്തോടെ പൊലീസ് മുന്നോട്ട് കൊണ്ടുപോകണം. കാരണം,​ ഒരുതുള്ളി വിയർപ്പൊഴുക്കാതെ കുടിലബുദ്ധിയും സൈബർ വൈഭവവും ഉപയോഗിച്ച് പലരുടെയും അതുവരെയുള്ള ബാങ്ക് സമ്പാദ്യം മുഴുവൻ ഊറ്റിയെടുക്കുന്ന ആധുനിക കാലത്തെ ഏറ്റവും വലിയ തട്ടിപ്പാണിത്.

ഓപ്പറേഷൻ 'സൈ ഹണ്ടി"ന്റെ ഭാഗമായി 382 കേസുകളാണ് സംസ്ഥാനത്തുടനീളമായി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികളെന്ന് സംശയിക്കുന്ന 125 പേർക്ക് നോട്ടീസ് നൽകുകയും ചെയ്തു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ഇവിടെ സിറ്റിയിലും റൂറലിലുമായി 67 കേസുകളെടുക്കുകയും 35 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആകെ കണ്ടെത്തിയ തട്ടിപ്പിൽ 34.8 ശതമാനവും ഓൺലൈൻ വ്യാപാരവുമായി ബന്ധപ്പെട്ടതാണെന്ന് എ.ഡി.ജി.പി എസ്. ശ്രീജിത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയുണ്ടായി. സംശയാസ്പദമായി ചെക്കുകൾ ഉപയോഗിച്ച് പണം പിൻവലിച്ച 2683 പേരും എ.ടി.എം വഴി പണം പിൻവലിച്ച 361 പേരും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ,​ അറസ്റ്റിലാകാത്തവർക്കു പുറമെയുള്ള അഞ്ഞൂറോളം പേരും പൊലീസ് നിരീക്ഷണത്തിലാണ്.

പൊലീസ് നിരീക്ഷിക്കുന്നുവെന്ന് അറിഞ്ഞാൽത്തന്നെ അക്കൗണ്ടുകൾ ഇങ്ങനെ വാടകയ്ക്ക് കൊടുക്കാനുള്ള പ്രവണത പലരും മതിയാക്കും. അതിനാൽ ഇത്തരം റെയ്ഡുകളും നടപടികളും കൃത്യമായ ഇടവേളകളിൽ ആവർത്തിച്ച് ഉണ്ടാകേണ്ടത് ആവശ്യമാണ്. സൈബർ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരിൽ ഏറിയ പങ്കും കേരളത്തിനു പുറത്തും അന്യരാജ്യങ്ങളിലുമാണ് തമ്പടിച്ചിട്ടുള്ളത്. അതിനാൽ ദേശീയ, അന്തർദേശീയ ഏജൻസികളുടെ സഹായം തേടാനുള്ള ശ്രമങ്ങൾ സംസ്ഥാന പൊലീസ് നടത്തേണ്ടതുണ്ട്. ഇരകളിൽ നിന്ന് പരാതി സ്വീകരിച്ച് പ്രതികളെ തേടുന്ന സാധാരണ രീതിയല്ല ഇത്തവണ പൊലീസ് സ്വീകരിച്ചത്. പകരം,​ നാഷണൽ സൈബർ ക്രൈം പോർട്ടലിൽ നിന്ന് ലഭ്യമായ വിവരങ്ങളിലൂടെയാണ് പ്രതികളിലേക്കെത്തിയത്. പ്രതികളുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ ഉൾപ്പെടെ പരിശോധിച്ചാണ് ഇടപാടുകൾ തിരിച്ചറിഞ്ഞത്. സൈബർ തട്ടിപ്പ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നായി മാറിയിരിക്കെ, ഓപ്പറേഷൻ 'സൈ ഹണ്ടു"കൾ അപ്രതീക്ഷിതമായി നിലച്ചുപോകരുത്.