തെലുങ്കിൽ ബിസി സ്റ്റാറായി സംയുക്ത
മലയാളി നായിക സംയുക്തയ്ക്ക് തെലുങ്കിൽ തിരക്കേറുന്നു. വിരൂപാക്ഷ, സർ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകരുടെ മനം കവർന്ന സംയുക്തയുടെ പുതിയ തെലുങ്ക് ചിത്രമായ ദി ബ്ലാക്ക് ഗോൾഡിന്റെ ഫസ്റ്റ് ലുക്ക് ദീപാവലി ദിനത്തിൽ റിലീസ് ചെയ്തു .നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ സംയുക്ത പൊലിസ് വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത് . ചിന്തകയാല രവി ഫെയിം യോഗേഷ് കെ.എം.സി.സി.യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് ഡാണ്ട നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സാം സി.എസ്സാണ്. നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന അഖണ്ഡ 2 ഉൾപ്പടെ ഒരുപിടി ചിത്രങ്ങളാണ് സംയുക്തയുടേതായി തെലുങ്കിൽ ഒരുങ്ങുന്നുണ്ട്.ലില്ലി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ സംയുക്ത ടൊവിനോ ചിത്രം തീവണ്ടിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറി. ദുൽഖർ സൽമാൻ ചിത്രം ഒരു യമണ്ടൻ പ്രേമകഥയിലും നായികമാരിൽ ഒരാളായിരുന്നു. എടക്കാട് ബറ്റാലിയൻ, കൽക്കി, ആണും പെണ്ണും, വൂൾഫ് എന്നീ ചിത്രങ്ങളിലും നായികയായി. ബൂമറാംഗ് ആണ് സംയുക്ത നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. തീവണ്ടി എന്ന ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സംയുക്തയ്ക്ക് പിന്നീട് ശക്തമായ കഥാപാത്രങ്ങൾ മലയാളത്തിൽ ലഭിച്ചില്ല.