മീനു ആകാൻ വിസ്‌മയ മോഹൻലാൽ, കുടുംബചിത്രമായി തുടക്കം
കുടുംബചിത്രമായി തുടക്കം
വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്ന തുടക്കം സിനിമയിൽ മീനു എന്നാണ് വിസ്‌മയ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. സാധാരണ കുടുംബചിത്രമാണെന്നും എന്നാൽ ആക്‌ഷൻ രംഗങ്ങൾ ഉണ്ടെന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.
പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർ യാനിക് ബെന്നും സ്റ്റണ്ട് സിൽവയുമാണ് ആക്‌ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഹോളിവുഡിലും ബോളിവുഡിലും തെന്നിന്ത്യയിലും സജീവമായ യാനിക് ബെൻ, കിക്‌ബോക് സിംഗ് ഉൾപ്പെടെ ആയോധന കലകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.
മുവായ് തായ് ഉൾപ്പെടെയുള്ള ആയോധന കലകളിൽ വിസ്‌മയയും പരിശീലനം നേടിയിട്ടുണ്ട്. ആയോധന മുറകൾക്ക് പ്രാധാന്യമുള്ള സിനിമ എന്നാണ് കരുതുന്നത്. എഴുത്തിലും ചിത്രരചനയിലും താത്‌പര്യം പ്രകടിപ്പിച്ചിരുന്ന വിസ്‌മയയുടെ അഭിനയരംഗത്തേക്കുള്ള പുതിയ തുടക്കത്തിനായി സിനിമാപ്രേമികൾ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത്.
തുടക്കത്തിൽ മോഹൻലാലും സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന തുടക്കത്തിന്റെ പ്രധാന ലൊക്കേഷൻ തൊടുപുഴയാണ് . ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം ജെക്സ് ബിജോയ്, ചമൻ ചാക്കോ ആണ് എഡിറ്റർ.