ഇരച്ചു കയറി ഭയം, പകർന്നാടി പ്രണവ്, ഞെട്ടിച്ച് രാഹുൽ

Saturday 01 November 2025 6:53 AM IST

പേടിപ്പെടുത്തി സുഷ്‌മിത

ഇരച്ചുകയറുന്ന ഭയം. ആ ഭയത്തിലൂടെ ഒരു മണിക്കൂർ 54 മിനിട്ട് സഞ്ചരിച്ച് ഹൊറർ സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിൽ രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിച്ച ഡീയസ് ഈറെ പൂർണമായും വിജയിച്ചു. ഹൊറർ സിനിമകളുടെ വിലാസത്തിൽ നിറയുന്ന രാഹുൽ സദാ‌‌ശിവൻ ഇക്കുറിയും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. റോഹൻ എന്ന ആർക്കിടെക്ടായി പ്രണവ് മോഹൻലാൽ വിസ്‌മയിപ്പിച്ചു. റോഹന്റെ ഭയത്തിനൊപ്പം പ്രേക്ഷകരും സഞ്ചരിച്ചു. ജീവിതം ആഘോഷമാക്കി റോഹനെ തേടി എത്തുന്നു കനി എന്ന സുഹൃത്തിന്റെ ആത്മഹത്യാ വാർത്ത. വിറങ്ങലിച്ചു ഉയർന്നു നിൽക്കുന്ന ആ കൈകൾ. പാതി തുറന്ന കണ്ണ് . പിന്നീട് ഭയാനകമായ പല കാഴ്‌ചകൾ . ഡൊമിനിക് ആൻഡ് ദ ലേഡീഴ്സ് പഴ്സിൽ തിളങ്ങിയ തെന്നിന്ത്യൻ താരം സുഷ്‌മിത ഭട്ട് ആണ് കനി ആയി വേഷപ്പകർച്ച നടത്തിയത്. ഡയലോഗുകളില്ലാതെ മിന്നി മറഞ്ഞ് പേടിപ്പെടുത്തിയ കനി ചില നേരത്ത് ചിലങ്ക കൊണ്ട് ശബ്ദിച്ചു. നടത്തത്തിലൂടെ പേടിപ്പെടുത്തി. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങൾ റോഹനെ കൂടുതൽ ദുരൂഹമായ ഇടങ്ങളിൽ എത്തിക്കുന്നു.

ജിബിൻ ഗോപിനാഥിന്റെ മധുസൂദനൻ പോറ്റി, ജയ കുറുപ്പിന്റെ എത്‌സമ്മ എന്ന അമ്മ കഥാപാത്രവും മികച്ച പ്രകടനത്തിൽ കൈയടി അർഹിക്കുന്നു. ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ അപ്രതീക്ഷിത ക്യാമിയോകളായി എത്തി. പേടിക്കുമെന്ന് കരുതുന്നിടത്തൊന്നും പ്രേക്ഷകൻ പേടിക്കുന്നില്ല. പേടിക്കില്ലെന്ന് കരുതുന്നിടത്ത് പേടിച്ചു. ഹൊറർ ചിത്രത്തിന്റെ മൂഡ് മുഴുവൻ ഒപ്പിയെടത്ത് ഷെഹ്‌നാദ് ജാലിന്റെ ക്യാമറ. കലാസംവിധായകൻ ജ്യോതിഷ് ശങ്കറും. ക്രിസ്റ്റോ സേവ്യറുടെ സംഗീതവും ജയദേവൻ ചക്കാടത്തിന്റെ ശബ്ദലേഖനവും, ഷഫീഖ് മുഹമ്മദ് അലിയുടെ എഡിറ്റിംഗും രാഹുൽ സദാശിവന് ഒപ്പം തന്നെ ഉണ്ടായിരുന്നു. ഡീയസ് ഈറെ മികച്ച ഹൊറർ സിനിമാ അനുഭവം മാത്രമല്ല ഹോളിവുഡ് ലെവൽ മേക്കിംഗും സമ്മാനിക്കുന്നു.