നായകൻ ലോകേഷ് കനകരാജ്, നായിക വാമിഖ ഗബ്ബി

Saturday 01 November 2025 6:55 AM IST

അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലോകേഷ് കനകരാജിന് നായിക വാമിഖ ഗബ്ബി. ഇതാദ്യമായാണ് സംവിധായകൻ ലോകേഷ് കനകരാജ് നായകനാവുന്നത്. ഗ്യാംഗ്‌സ്റ്റർ ആക്‌‌ഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ധനുഷ് നായകനായ ക്യാപ്ടർ മില്ലറിനുശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.

ജനുവരിയിൽ ചിത്രീകരണം പൂർത്തിയാകും. തമിഴിൽ വാമിഖ അഭിനയിക്കുന്ന നാലാമത്തെ ചിത്രം ആണ്. രവിമോഹൻ നായകനായി റിലീസിന് ഒരുങ്ങുന്ന ജീനി എന്ന ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇടവേളയ്ക്കുശേഷം മലയാളത്തിലേക്കും എത്തുകയാണ് വാമിഖ ഗബ്ബി. ആസിഫ് അലി നായകനായ ബ്രഹ്മാണ്ഡ സിനിമയായ ടിക്കിടാക്കയിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഥാപാത്രമാകാൻ വേണ്ടി വർക്കൗണ്ട് ചിത്രങ്ങൾ പങ്കുവച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് വാമിക ഗബ്ബി. ബോളിവുഡിലെ വമ്പൻ നിർമ്മാതാക്കളായ ടി സീരിസ് ഫിലിംസും പനോരമ സ്റ്റുഡിയോയുമാണ് നിർമ്മാണം. ടൊവിനോ തോമസ് ചിത്രം ഗോദയിലൂടെ മലയാളത്തിലേക്ക് എത്തിയ പഞ്ചാബി സുന്ദരിയാണ് വാമിഖ ഗബ്ബി. പൃഥ്വിരാജ് ചിത്രം നൈനിൽ അഭിനയിച്ച വാമിഖ ആയുഷ്‌മാൻ ഖുറാനയും സാറാ അലിഖാനും അഭിനയിക്കുന്ന പതി പത്നി ഔർ വോ 2 ആണ് പുതിയ ചിത്രം. മാർച്ച് 4ന് റിലീസ് ചെയ്യും. ഭൂത് ബംഗ്ള, കുക്കു കി കുണ്ഡലി, ഗുഡാമാരി 2 എന്നീ ചിത്രങ്ങൾ റിലീസ് ചെയ്യാനുണ്ട്.