ചാക്കിൽ ഗോതമ്പാണെന്ന് യുവാവിന്റെ മറുപടി; അന്വേഷണത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം

Friday 31 October 2025 8:19 PM IST

ഗോരഖ്പൂർ: സഹോദരിയെ കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി ഉപേക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു, ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം. റാം ആഷിഷ് നിഷാദ്(32) ആണ് സഹോദരി നീലത്തെ (19) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. സംശയം തോന്നി തടഞ്ഞു നിർത്തിയ പൊലീസിനോട് ചാക്കിൽ ഗോതമ്പ് ആണെന്നാണ് പ്രതിയായ റാം പറഞ്ഞിരുന്നത്.

റോഡ് നിർമാണ പദ്ധതിക്ക് ഭൂമി വിട്ടുകൊടുത്തതിൽ റാമിന്റെ പിതാവിന് ആറ് ലക്ഷം രൂപ ലഭിച്ചിരുന്നു. ഈ പണം സഹോദരിയുടെ കല്ല്യാണത്തിന് ഉപയോഗിക്കുമെന്ന ചിന്തയാണ് കൊലപാതക കാരണം. നീലത്തെ ഒരു തുണികൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒടിച്ച് ചാക്കിലാക്കി ബൈക്കിൽ കെട്ടിവച്ചു. കുശിനഗറിലേക്കുള്ള യാത്രക്കിടെയാണ് പൊലീസ് ഇയാളെ തടഞ്ഞത്.

ചാക്കിൽ ​ഗോതമ്പാണെന്ന് പറഞ്ഞ ഇയാൾ ഗോരഖ്പൂരിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള കുശിനഗറിലെ ഒരു തോട്ടത്തിൽ ഉപേക്ഷിച്ചു. മകളെ കാണാനില്ലായെന്ന പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ റാം മൃതദേഹവുമായി പോകുന്ന ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു. തുടർന്ന് റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.