വെല്ലുവിളിയാകുന്ന രണ്ട് രോഗങ്ങൾ
സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിൽ രണ്ട് രോഗങ്ങൾ കുറച്ചുനാളായി ഉയർത്തുന്നത് അതീവ ഗുരുതരമായ വെല്ലുവിളിയാണ്- അമീബിക് മസ്തിഷ്കജ്വരവും എലിപ്പനിയും. ആദ്യത്തേതിന്റെ കാര്യത്തിൽ രോഗത്തിന്റെ ഉറവിടം കൃത്യമായി തിരിച്ചറിയാത്തതും ഫലപ്രദമായ മരുന്നില്ലാത്തതുമാണ് പ്രതിസന്ധിയെങ്കിൽ, എലിപ്പനിയുടെ ചികിത്സയ്ക്ക് മരുന്നുണ്ടെങ്കിലും മുമ്പത്തെപ്പോലെ പൂർണമായും ഫലപ്രദമാകുന്നില്ലെന്നതാണ് പ്രതിസന്ധി. കഴിഞ്ഞ പത്തുമാസത്തിനിടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ചു മരിച്ചത് 314 പേരാണ് എന്നത് ചെറിയ കണക്കല്ല. ഇതേ കാലയളവിൽ മസ്തിഷ്കജ്വരം ബാധിച്ച് 29 പേർ മരണമടഞ്ഞു. 4600-ലധികം പേർക്ക് എലിപ്പനി ബാധിച്ചപ്പോഴാണ് അതിൽ 314 പേർ മരിച്ചത് എന്നു വിലയിരുത്തിക്കൊണ്ട് മരണത്തിന്റെ തോത് ചെറുതാണെന്ന് വ്യാഖ്യാനിക്കുന്നതിൽ അർത്ഥമില്ല. പ്രതിരോധത്തിന് മരുന്നുള്ള രോഗമാണ് എലിപ്പനി. പ്രാരംഭഘട്ടത്തിൽത്തന്നെ ചികിത്സിച്ചാൽ പൂർണസൗഖ്യം വരികയും ചെയ്യും. എന്നിട്ടും രോഗവ്യാപനം കുറയ്ക്കാനാവാത്തതും മരണങ്ങൾ തുടരുകയും ചെയ്യുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്.
എലിപ്പനിക്കും മസ്തിഷ്കജ്വരത്തിനും കാരണം വ്യത്യസ്തമായ രണ്ട് ബാക്ടീരിയകളാണ്. എലിപ്പനിയുടെ പേരിലെ 'വില്ലൻ" എലിയാണെങ്കിലും എലിക്കു പുറമെ, നായ, പൂച്ച, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലും രോഗകാരിയായ ലപ്റ്റോസ്പൈറോ എന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യമുണ്ടാകും. നനവുള്ള മണ്ണിൽ ചെരിപ്പിടാതെ നടക്കുകയോ, മലിന ജലത്തിൽ ഇറങ്ങുകയോ ചെയ്യുമ്പോൾ പാദങ്ങളിലെ ചെറിയ മുറിവുകളിലൂടെയോ വിണ്ടുകീറലിലൂടെയോ രോഗാണു ശരീരത്തിൽ പ്രവേശിക്കാം. അണുബാധയേറ്റാൽ കടുത്ത തലവേനയും പനിയുമാണ് പ്രാരംഭ ലക്ഷണങ്ങൾ. ദിവസങ്ങൾക്കു ശേഷവും പനി മാറാതിരുന്നാലും ഡോക്ടറെ കാണാതെ ലക്ഷണം പറഞ്ഞ് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്ന് വാങ്ങിക്കഴിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇങ്ങനെ ഒരാഴ്ച പിന്നിടുമ്പോഴേക്കും മരുന്നുകൊണ്ട് ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത വിധം രോഗം മൂർച്ഛിച്ചിരിക്കും. അതുകൊണ്ട് മൂന്നുദിവസത്തിലധികം നീളുന്ന പനി അനുഭവപ്പെടുന്നെങ്കിൽ നിശ്ചയമായും ഡോക്ടറെ കാണുകയും, നിർദ്ദേശാനുസരണം രക്തപരിശോധനയിലൂടെ രോഗസ്ഥിരീകരണം തേടുകയും വേണം.
എലിപ്പനി ബാധിച്ച് മരിച്ച 314 പേരിൽ 176 പേരിൽ മാത്രമാണ് മരണത്തിനു മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നത്. ബാക്കി 138 പേരിൽ രോഗലക്ഷണങ്ങളോടെ തന്നെ മരണം സംഭവിച്ചു. ഇവരിൽ രോഗസ്ഥിരീകരണവും വിദഗ്ദ്ധ ചികിത്സയും വൈകിയതാണ് മരണകാരണമെന്ന് അനുമാനിക്കാം. മസ്തിഷ്കജ്വരം ജലജന്യ രോഗമാണെങ്കിലും അതുമായി ബന്ധപ്പെട്ട നിലവിലെ സങ്കീർണത, ഏതുതരം ജലത്തിലൂടെ, ഏതുവിധമാണ് രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നതെന്ന് കൃത്യമായി അറിയാത്തതാണ്. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ മുങ്ങിക്കുളിക്കുന്നവരിൽ, മൂക്കിലൂടെ രോഗാണു തലച്ചോറിലെത്തുന്നതായാണ് ആദ്യം കരുതപ്പെട്ടിരുന്നതെങ്കിലും, പൈപ്പ് വെള്ളത്തിൽ കുളിമുറിയിൽ കുളിക്കുന്നവരെയും രോഗം ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ദീർഘനാൾ വൃത്തിയാക്കാതെ കിടക്കുന്ന വാട്ടർ ടാങ്കുകളാണോ ഇത്തരം കേസുകളിൽ രോഗാണുബാധയ്ക്ക് ഇടയാക്കിയതെന്ന് തീർച്ചയില്ല. അതുമായി ബന്ധപ്പെട്ട പരിശോധനകൾ തുടരുന്നതേയുള്ളൂ.
രണ്ടു രോഗങ്ങളുടെ വ്യാപനവും മലിനമായ ജലത്തിന്റെ സാന്നിദ്ധ്യത്തിലാണ് എന്ന പൊതുഘടകത്തെ അടിസ്ഥാനമാക്കി, വ്യക്തിശുചിത്വം കർശനമായി പാലിക്കുകയും, മാലിന്യസംസ്കരണം ശാസ്ത്രീയമായി നിർവഹിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. മലിനജലത്തിൽ ഇറങ്ങേണ്ടിവരുന്ന ശുചീകരണ പ്രവർത്തകരും മറ്റും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശമനുസരിച്ച് പ്രതിരോധ മരുന്ന് കഴിക്കുന്ന് എലിപ്പനിയെ തടുക്കാൻ സഹായിക്കും. ശക്തമായ പനിയും തലവേദനയും മൂന്നുദിവസത്തിൽ കൂടുതൽ തുർന്നാൽ ഡോക്ടറുടെ സഹായം തേടാൻ വൈകരുത്. മസ്തിഷ്കജ്വരത്തിന് പ്രതിരോധമോ ചികിത്സയ്ക്ക് കൃത്യമായ മരുന്നോ ഇല്ലെങ്കിലും ശുചിത്വമാർന്ന ജീവിതശൈലി പാലിക്കുന്നത് രോഗബാധയ്ക്കുള്ള സാദ്ധ്യത കുറയ്ക്കും. വീടുകളിലെ വാട്ടർ ടാങ്കുകളിൽ അണുനാശിനികൾ പ്രയോഗിക്കുകയും, അഴുക്ക് അടിഞ്ഞുകൂടി ടാങ്കിലെ ജലം മലിനമാകാതെ ഇടയ്ക്കിടെ വൃത്തിയാക്കുകയും വേണം. ചികിത്സകൾ ഫലപ്രദമാകാത്ത ഏതു രോഗത്തിന്റെ കാര്യത്തിലും പ്രതിരോധം തന്നെയാണ് ഏറ്റവും വലിയ 'മരുന്ന്."