സ്വർണവില കുതിക്കുമ്പോൾ കല്ല്യാണം നടത്താൻ പുതിയ മാർഗം, സംഗതി ഹിറ്റ് !

Friday 31 October 2025 9:36 PM IST

ഡെറാഡൂൺ: സ്വർണത്തിൽ കുളിച്ച് നിൽക്കുന്ന കല്ല്യാണ പെണ്ണിനും വീട്ടുകാർക്കും ഇനിമുതൽ പിഴ നൽകണം. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലെ കന്തർ, ഇന്ധ്രാണി ഇടങ്ങളിലുള്ളവരാണ് പിഴ കൊടുക്കേണ്ടി വരിക. വിവാഹത്തിന് അനുവദനീയമായതിനേക്കാൾ സ്വർണാഭരണങ്ങൾ അണിയുന്നവർക്കെതിരെയാണ് പഞ്ചായത്ത് അധികൃതരുടെ നടപടി.

പ‌ഞ്ചായത്തിന്റെ നിർദ്ദേശം അനുസരിച്ച് വധു മൂന്ന് സ്വർണാഭരണങ്ങൾ മാത്രമേ ധരിക്കാവൂ. താലിമാല, മൂക്കുത്തി, കമ്മൽ ഇവ മാത്രം അണിഞ്ഞാൽ മതിയെന്നാണ് പഞ്ചായത്തിന്റെ നിർദ്ദേശം. ഇതിൽ കൂടുതൽ ആഭരണം അണിഞ്ഞാൽ 50,000 രൂപ വരെ പിഴയടയ്ക്കണം. ഉയർന്ന സ്വർണവില പല കുടുംബങ്ങളെയും ബുദ്ധിമുട്ടിലാക്കിയ സാഹചര്യമാണ്. അതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

ഒരുകൂട്ടം ആളുകൾ പുതിയ നയത്തെ സ്വാഗതം ചെയ്യുമ്പോൾ കുറച്ചുപേർ എതിർപ്പ് പ്രകടിപ്പിക്കുകയുമാണ്. സ്വർണം ഭാവിയിലേക്കുള്ള കരുതലാണ്. അതുകൊണ്ട് പുരുഷൻമാരുടെ മദ്യപാനത്തിലാണ് നിയന്ത്രണം വേണ്ടതെന്നാണ് അവർ പറയുന്നത്. അധികൃതർ എന്തുകൊണ്ട് പുരുഷൻമാരുടെ മദ്യപാനം കുറയ്ക്കാനായി മുൻകൈ എടുക്കുന്നില്ലെന്നില്ലെന്നും അവർ ചോദിക്കുന്നുണ്ട്.