കേരളത്തിന്റെ ആദ്യ ഒളിമ്പിക് മെഡൽ ജേതാവ്: അംഗീകാരം ലഭിച്ചത് അവസാനകാലത്ത്

Friday 31 October 2025 9:50 PM IST

കണ്ണൂർ: രാജ്യത്തിന് വേണ്ടി ഗോൾ വലയം കാത്ത കായിക പ്രതിഭ ഒളിമ്പ്യൻ മാനുവൽ ഫ്രെഡറികിന്റെ കായിക ജീവിതം തിളക്കമേറിയതായിരുന്നു. തന്റെ പന്ത്രണ്ടാം വയസിൽ ഹോക്കി സ്റ്റിക്കെടുത്ത ഇദ്ദേഹം ശാരീരിക അവശത പിടികൂടുന്നതുവരെ ഹോക്കിയ്ക്ക് വേണ്ടി തന്നെയായിരുന്നു ജീവിതം ചിലവിട്ടതും. ഏഷ്യൻ ജേതാക്കൾക്ക് പോലും വലിയ അംഗീകാരം ലഭിക്കുന്ന ഇക്കാലത്ത് ലോകവേദിയിൽ നിന്നും ലഭിച്ച മെഡലുമായി നിന്ന ഈ ഗോൾകീപ്പർക്ക് നല്ലൊരു വീട് കിട്ടിയത് പോലും അവസാനകാലത്തായിരുന്നു.

ബംഗളൂരു ആർമി സപ്‌ളൈകോറിലെ കളിക്കാരനായതോടെയാണ് ദേശീയതലത്തിൽ മാനുവലിന് അവസരം തുറന്നു കിട്ടുന്നത്. ഒളിമ്പിക്‌സിനിറങ്ങുമ്പോൾ കേവലം 25 വയസ്സായിരുന്നു പ്രായം. യാതൊരു സുരക്ഷയുമില്ലാതെ ഹെൽമെറ്റ് പോലും വെക്കാതെ വെടുയുണ്ടപോലെയെത്തുന്ന പന്തിനെ മികവുറ്റ റിഫ്ളക്ഷനുമായി അദ്ദേഹം നേരിട്ടു. ഇന്ത്യൻ ഹോക്കിയിലെ കടുവ എന്ന പേര് ലഭിച്ചതും അങ്ങനെയായിരുന്നു.

തീവ്രവാദി അക്രമത്തിലുടെ പത്ത് ഇസ്രായേലി കായിക താരങ്ങളുടെ ചോര വീണ 1972 ലെ മ്യുണിക് ഒളിമ്പ്ക്‌സിൽ ലഭിച്ച വെങ്കലം വലിയ മത്സരങ്ങളിലൂടെയാണ് ലഭിച്ചത്. ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കായിരുന്നു മാനുവൽ ഫ്രെഡറിക്കിന്. സന്തോഷത്തിനൊപ്പം ഭീതിയും സമ്മാനിച്ചതായിരുന്നു മ്യുണിക്ക് ഒളിമ്പിക്‌സെന്ന് മാനുവൽ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. തീവ്രവാദി അക്രമത്തിൽ കളിക്കാരാകെ വിറങ്ങലിച്ചിരുന്നു അന്ന്. മുറിക്കകത്ത് അടച്ചിരുന്ന താരങ്ങൾ കളിക്കാനായി മാത്രമായിരുന്നു പുറത്തിറങ്ങിയത്. മ്യുണിക്കിലേക്ക് പോയ ഇന്ത്യൻ ടീമിന് പരിശീലിക്കാൻ അവസരം ലഭിച്ചിരുന്നുവെങ്കിൽ സ്വർണം തന്നെ ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.എട്ടിൽ ഏഴ് കളിയും ജയിച്ച ഇന്ത്യ സെമിയിൽ പാക്കിസ്ഥാനോടാണ് തോറ്റത്.ലൂസേഴ്‌സ് ഫൈനലിൽ ഹോളണ്ടിനെ തോൽപിച്ചായിരുന്നു അമിത് സിംഗിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ വെങ്കലം നേടിയത്.

ഹോക്കി ഇതിഹാസം ധ്യാൻചന്ദിന്റെ മകൻ അശോക് കുമാർ, ടെന്നിസ് താരം ലിയാണ്ടർ പെയ്‌സിന്റെ പിതാവ് പി.പെയ്‌സ്, അജിത് പാൽ സിംഗ്, മുഖ്ബാൽ സിംഗ്, കുൽവന്ത് സിംഗ്,ഗോവിന്ദ, എം.പി .ഗണേഷ്, തുടങ്ങിയ പ്രഗത്ഭരായിരുന്നു സഹതാരങ്ങൾ.

അർജ്ജുനയും മറന്നു മാനുവലിനെ

രാജ്യത്തിനായി വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ എട്ടുപേർക്ക് അർജുന അവാർഡും രണ്ടു പേർക്ക് പത്മശ്രീയും ലഭിച്ചപ്പോൾ ഭരണാധികാരികൾ മാനുവലിനെ മാത്രം മറന്നു. 21 അന്താരാഷ്ട്ര ടൂർണമെന്റുകളിൽ രാജ്യത്തിന്റെ ഗോൾവലയം കാത്ത താരത്തിനാണ് ഈ അവഗണന നേരിടേണ്ടിവന്നത്. പക്ഷെ 2019 ൽ അദ്ദേഹത്തെ ധ്യാൻചന്ദ് പുരസ്‌കാരം തേടിയെത്തി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് കണ്ണൂരിലെ കായികപ്രേമികളുടെ ഇടപെടലിൽ വീടിനായി സ്ഥലം നൽകിയെങ്കിലും സാങ്കേതികപ്രശ്നങ്ങൾ തടസമായി. പിന്നീട് എൽ.ഡി.എഫ് സർക്കാരാണ് പുതിയ സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ചുകൊടുത്തത്.