ക്രിപ്‌റ്റോ കറൻസി: 400 കോടിയുടെ വെട്ടിപ്പ്

Saturday 01 November 2025 2:51 AM IST

മലപ്പുറത്തും കോഴിക്കോട്ടും റെയ്ഡ്

കൊച്ചി: ക്രിപ്റ്റോ കറൻസി വാങ്ങി സൗദി അറേബ്യ ഉൾപ്പെടെ വിദേശ രാജ്യത്ത് പലയിരട്ടി വിലയ്ക്ക് വിറ്റഴിച്ച് ഹവാല വഴി കേരളത്തിലെത്തിച്ച് നടത്തിയ 400 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി ആദായനികുതി വകുപ്പ് . മലപ്പുറം, കോഴിക്കോട് ജില്ലകളിലെ എട്ടു കേന്ദ്രങ്ങളിൽ മൂന്നുദിവസം നീണ്ട റെയ്ഡിൽ രേഖകൾ പിടിച്ചെടുത്തു.

കോഴിക്കോട് കേന്ദ്രമായ സംഘം നടത്തിയ 100 കോടി രൂപയുടെ വെട്ടിപ്പ് കഴിഞ്ഞ ജനുവരിയിൽ കണ്ടെത്തിയതിന്റെ തുടരന്വേഷണത്തിലാണ് നടപടി. കോഴിക്കോട്ട് സ്വദേശികളായ പരിശീലന സ്ഥാപനയുടമ, സൗദിയിലും ഇന്തോനേഷ്യയിലും പൂക്കച്ചവടം നടത്തുന്നയാൾ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.

ഇന്ത്യൻ കറൻസി നൽകിയാൽ രഹസ്യ ഓൺലൈനുകൾ വഴി ക്രിപ്‌റ്റോ കറൻസി വാങ്ങിനൽകുകയാണ് ഇടനിലക്കാരായ യുവാക്കൾ ചെയ്യുന്നത്. സൗദിയിൽ പൂക്കച്ചവടം നടത്തുന്ന കോഴിക്കോട് സ്വദേശി വഴിയാണ് ക്രിപ്‌റ്റോ വിറ്റഴിക്കുക. സൗദിയിലും ഇന്തോനേഷ്യയിലുമുള്ള പൂക്കച്ചവടത്തിന്റെ മറവിലാണ് ഇടപാട്. വാലറ്റിലാക്കി വിദേശത്തേയ്‌ക്ക് കൈമാറുന്ന ക്രിപ്‌റ്റോ വിറ്റഴിക്കുമ്പോൾ ലഭിക്കുന്ന തുക വിദേശനാണ്യത്തിലാകുമ്പോൾ പലയിരട്ടി വിലയുണ്ടാകും.

ഇത് ബാങ്കുകളിലെ എൻ.ആർ.ഐ അക്കൗണ്ടുകളോ ഹവാലയോ വഴി കേരളത്തിൽ തിരിച്ചെത്തിക്കും. ഇന്ത്യയിൽ ഒരു ലക്ഷം മുടക്കിയ ക്രിപ്‌റ്റോ വിദേശത്ത് വിറ്റ് തിരിച്ചെത്തുമ്പോൾ നാലും അഞ്ചും ലക്ഷം ലഭിക്കും. നികുതിയും നൽകേണ്ട. 400 കോടി രൂപയുടെ നികുതി വെട്ടിച്ചതിന്റെ രേഖകൾ ലഭിച്ചതായി ആദായനികുതി വൃത്തങ്ങൾ പറഞ്ഞു.

ഓൺലൈൻ വഴി ക്രിപ്റ്റോ കറൻസി വാങ്ങി നൽകുന്ന പത്താം ക്ളാസുകാരനും എൻജിനിയറിംഗ് ബിരുദധാരികളും വരെയുൾപ്പെട്ട ഇടനിലക്കാരായ യുവാക്കളുടെ വീടുകളിലാണ് മലപ്പുറത്ത് റെയ്ഡ് നടത്തിയത്. കമ്മിഷൻ വ്യവസ്ഥയിലാണ് ക്രിപ്‌റ്റോ കറൻസി വാങ്ങി വാലറ്റിലാക്കി നൽകുന്നത്. ക്രിപ്‌റ്റോ കറൻസി നിയമപരമായി വാങ്ങാതെ രഹസ്യ സ്വഭാവമുള്ള ഓൺലൈൻ പ്ളാറ്റ്ഫോമുകളാണ് ഉപയോഗിക്കുന്നത്. ഇടനിലയിലൂടെ ഇവർ ലക്ഷങ്ങൾ സമ്പാദിച്ചതും റെയ്ഡിൽ കണ്ടെത്തി.