ജില്ല അതിദാരിദ്ര്യ മുക്തം

Friday 31 October 2025 9:59 PM IST

അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചത് 3311 കുടുംബങ്ങളെ

ആലപ്പുഴ : അതിദാരിദ്ര്യമുക്ത കേരളം പദ്ധതിയിലൂടെ ജില്ലയിലെ 3311 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. 45 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന് ഭൂമി വാങ്ങി നൽകി. 274 പേർക്ക് പുതിയ വീട് നിർമ്മിച്ചു നൽകി, 50 കുടുംബങ്ങൾക്ക് പുനർഗേഹം പദ്ധതിയിൽ ഫ്ളാറ്റ് നൽകി. 404 കുടുംബങ്ങൾക്ക് വീട് പുനരുദ്ധാരണത്തിന് സഹായം നൽകി. വരുമാനം ആവശ്യമായ കുടുംബങ്ങൾക്ക് കുടുംബശ്രീ വഴി ഉജ്ജീവനം പദ്ധതിയിലൂടെ സ്വയം സഹായ സംരംഭങ്ങൾ നൽകി. 1.25 കോടി രൂപയുടെ ധനസഹായമാണ് നൽകിയത്. അതിദരിദ്ര കുടുംബങ്ങളിൽ 1269 പേർക്ക് വിവിധ അവകാശ രേഖകളും സാമൂഹ്യ സുരക്ഷ പെൻഷനും ലഭ്യമാക്കി. 204 പേർക്ക് വോട്ടേഴ്‌സ് ഐ.ഡി കാർഡും 209 പേർക്ക് ആധാർ കാർഡും 141 പേർക്ക് തൊഴിൽ കാർഡും 180 പേർക്ക് റേഷൻ കാർഡും 274 പേർക്ക് ആരോഗ്യ ഇൻഷ്വറൻസ് കാർഡും രണ്ടു പേർക്ക് ട്രാൻസ്‌ജെന്റേഴ്‌സ് ഐ.ഡി കാർഡും ലഭ്യമാക്കി. 114 പേർക്ക് കുടുംബശ്രീ അംഗത്വം നൽകി. നാല് കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷനും ഒരു കുടുംബത്തിന് വസ്തു കൈവശരേഖയും നൽകി. അഞ്ചു പേർക്ക് വീട് വയറിംഗ് ചെയ്തു നൽകി. 97 പേർക്ക് പാകം ചെയ്ത ഭക്ഷണവും 1116 പേർക്ക് ഭക്ഷ്യകിറ്റും 1633 പേർക്ക് മരുന്നും ലഭ്യമാക്കി. 283 പേർക്ക് പാലിയേറ്റീവ് കെയർ സേവനം ലഭ്യമാക്കി. 13 പേർക്ക് ആരോഗ്യ സുരക്ഷ ഉപകരണങ്ങൾ നൽകി. അതിദരിദ്ര കുടുംബങ്ങളിൽപ്പെട്ട 39 കുട്ടികളുടെ പഠനാവശ്യയാത്ര കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിൽ സൗജന്യമാക്കി യാത്രാപാസുകളും നൽകി. ജില്ലയെ അതിദാരിദ്ര്യമുക്തമായി മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.

ചടങ്ങിൽ ജില്ലയിലെ അതിദാരിദ്ര്യമുക്ത പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ജി.പി. ശ്രീജിത്തിനെ മന്ത്രി ആദരിച്ചു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, തോമസ് കെ. തോമസ്, ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.എസ്. താഹ, എം.വി. പ്രിയ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്. കവിത, തുടങ്ങിയവർ പങ്കെടുത്തു.